ബ്രിട്ടീഷ് രാജകുടുംബാംഗവും സസെക്സ് ഡച്ചസുമായ മേഗൻ മാർക്കിളിന്റെ അകന്നുകഴിയുന്ന പിതാവ് തോമസ് മാർക്കിൾ സീനിയർ ഫ്ലോറിഡയിൽ അറസ്റ്റിലായതായി റിപ്പോർട്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ കൈവശം വെച്ചെന്ന സംശയത്തെ തുടർന്നാണ് അറസ്റ്റ് എന്നാണ് സിബിഎസ് ന്യൂസും ഡെയ്‌ലി മെയിലും റിപ്പോർട്ട് ചെയ്യുന്നത്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്. 82-കാരനായ തോമസ് മാർക്കിളുമായി ബന്ധമുള്ള മെക്സിക്കോയിലെയും ഫിലിപ്പീൻസിലെയും താമസസ്ഥലങ്ങളിൽ ഇത്തരം ദൃശ്യങ്ങൾ കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി.
അമേരിക്കയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തെ ഫ്ലോറിഡയിലെ ലേക്‌ലാൻഡിലുള്ള മുതിർന്ന പൗരന്മാർക്കായുള്ള താമസകേന്ദ്രത്തിൽ നിന്ന് ഫെഡറൽ ഏജന്റുമാർ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ ഒരു ഡസനിലധികം ഏജന്റുമാർ സ്ഥലത്തെത്തി അദ്ദേഹത്തെ വീൽചെയറിൽ ആംബുലൻസിലേക്ക് മാറ്റിയതായും പുറത്തുവന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, തോമസ് മാർക്കിളിന്റെ അറസ്റ്റ് എഫ്ബിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. കഴിഞ്ഞ വർഷം കാൽ മുറിച്ചുമാറ്റേണ്ടിവന്നതിനെ തുടർന്ന് വീൽചെയർ ഉപയോഗിക്കുന്ന മുൻ ഹോളിവുഡ് ലൈറ്റിങ് ഡയറക്ടറായ അദ്ദേഹം ആരോപണങ്ങൾ നേരത്തെ നിഷേധിച്ചിരുന്നു.
മകന്റെ പരാതിക്ക് പിന്നാലെ അന്വേഷണം
മേഗന്റെ അർധസഹോദരൻ തോമസ് മാർക്കിൾ ജൂനിയർ ഫിലിപ്പീൻസിലെ അധികൃതർക്ക് പിതാവിനെതിരെ പരാതി നൽകിയതിനു പിന്നാലെയാണ് സംഭവവികാസങ്ങൾ ശക്തമായത്. സെബുവിലെ പിതാവിന്റെ വീട്ടിൽ പെട്ടികളിൽ സൂക്ഷിച്ചിരുന്ന നൂറുകണക്കിന്, ഒരുപക്ഷേ ആയിരക്കണക്കിന് കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ കണ്ടെത്തിയെന്നായിരുന്നു പരാതി. ഇതിനുപിന്നാലെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന ചിത്രവും കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 82-കാരൻ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കാമെന്ന സംശയത്തിലേക്ക് ലഭ്യമായ സൂചനകൾ വിരൽചൂണ്ടുന്നതായി ഫിലിപ്പീൻസ് ആഭ്യന്തരമന്ത്രി ജോൺവിക് റെമുല്ല നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ, തോമസ് മാർക്കിൾ ജൂനിയറിനും സംഭവത്തിൽ പങ്കുണ്ടാകാമെന്ന സൂചനകളുണ്ടെന്ന് വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി ജുവാനിറ്റോ വിക്ടർ റെമുല്ല പറഞ്ഞു. നിലവിൽ അദ്ദേഹത്തെ സംശയനിഴലിലുള്ള വ്യക്തി മാത്രമായാണ് കാണുന്നതെന്നും പ്രതിയായി പരിഗണിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചിരുന്നതായി സാക്ഷിമൊഴികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോമസ് മാർക്കിളിന്റെ മുൻവസതിയിൽനിന്ന് കണ്ടെത്തിയ ഡിജിറ്റൽ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന ഉൾപ്പെടെ ഫിലിപ്പീൻസ് അധികൃതർ വിശദമായ അന്വേഷണം നടത്തിവരികയാണ്. പരിശോധനാ ഫലം ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ആരോപണങ്ങൾ നിഷേധിച്ച് തോമസ് മാർക്കിൾ
തനിക്കെതിരായ ആരോപണങ്ങൾ തോമസ് മാർക്കിൾ നിഷേധിച്ചു. മകൻ തന്നെ നുണകൾ പറഞ്ഞ് തകർക്കാൻ ശ്രമിക്കുകയാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ഡെയ്‌ലി മെയിലിനോട് പറഞ്ഞു.
ഫിലിപ്പീൻസിൽ രണ്ടുതവണയെങ്കിലും പോയിട്ടുണ്ടെന്നും ലൈംഗികത്തൊഴിലാളികൾക്ക് പണം നൽകിയിട്ടുണ്ടെന്നും സമ്മതിച്ച അദ്ദേഹം, എന്നാൽ 18 വയസ്സിൽ താഴെയുള്ള ആരുമായും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി. തന്റെ കമ്പ്യൂട്ടറോ ഫോണുകളോ ഏകദേശം രണ്ട് വർഷമായി കൈവശമില്ലെന്നും അവയിൽ എന്തെങ്കിലും കുറ്റകരമായ ഉള്ളടക്കമുണ്ടെങ്കിൽ മറ്റാരെങ്കിലും ചേർത്തതാകാമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പിതാവിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മേഗൻ
കഴിഞ്ഞ മാസം ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ മേഗൻ മാർക്കിൾ കടുത്ത മാനസിക വിഷമം രേഖപ്പെടുത്തിയിരുന്നു. പിതാവിനെ തന്റെ മക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും കാണാൻ അനുവദിക്കാത്തതിന്റെ കാരണം ഈ ആരോപണങ്ങളാണെന്നും അവർ വ്യക്തമാക്കി. 2019-ന്റെ തുടക്കത്തിൽ ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിനും റോയൽറ്റി ആൻഡ് സ്പെഷ്യലിസ്റ്റ് പ്രൊട്ടക്ഷൻ വിഭാഗത്തിനും ലഭിച്ച ഒരു കത്ത് അധികൃതർ മേഗന് കൈമാറിയതോടെയാണ് താൻ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞതെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് അന്ന് അധികൃതർ ഉറപ്പുനൽകിയതായും മേഗൻ വ്യക്തമാക്കി.
പിതാവിൽ നിന്ന് അകന്നുനിൽക്കാനുള്ള തന്റെ തീരുമാനത്തിന് ഒരേയൊരു കാരണമേയുള്ളൂവെന്നും അത് കുട്ടികളുടെ സുരക്ഷയാണെന്നും അവർ പറഞ്ഞു. മാധ്യമങ്ങൾ വർഷങ്ങളായി വിഷയം വളച്ചൊടിച്ചിട്ടുണ്ടെങ്കിലും മക്കളെ സംരക്ഷിക്കാനാണ് പിതാവുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും മേഗൻ കൂട്ടിച്ചേർത്തു.
കത്ത് കൈകാര്യം ചെയ്തതിൽ ബ്രിട്ടീഷ് പൊലീസിനെതിരെയും പരിശോധന
2018-ൽ ഹാരി രാജകുമാരനുമായുള്ള വിവാഹത്തിന് മുന്നോടിയായി തോമസ് മാർക്കിൾ പാപ്പരാസി ചിത്രങ്ങൾ ക്രമീകരിച്ചെന്ന വിവാദത്തെ തുടർന്നാണ് മേഗൻ പിതാവുമായി അകന്നത്. പിന്നീട് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഫിലിപ്പീൻസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിന് മേഗൻ കത്തയച്ചിരുന്നു. എന്നാൽ, ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമമല്ല, പിതാവുമായുള്ള ബന്ധം പൂർണമായി അവസാനിപ്പിക്കുന്ന സന്ദേശമായിരുന്നു അതെന്ന് ഇപ്പോൾ റിപ്പോർട്ടുകൾ പറയുന്നു.
തോമസ് മാർക്കിളിന്റെ മുൻഭാര്യ റോസ്ലിൻ ലവ്ലെസ് എഴുതിയതെന്ന് കരുതുന്ന കത്തിൽ അദ്ദേഹത്തിനെതിരായ ആരോപണങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. കത്ത് ലഭിച്ചിട്ടും ബ്രിട്ടീഷ് മെട്രോപൊളിറ്റൻ പൊലീസ് വിദേശ അന്വേഷണ ഏജൻസികളെ ബന്ധപ്പെട്ടിരുന്നില്ലെന്ന വിവരങ്ങൾ പുറത്തുവന്നതോടെ പൊലീസിന്റെ നടപടിക്രമങ്ങളും പരിശോധനയിലാണ്. സംഭവത്തിൽ സ്വയം അന്വേഷണം നടത്തുന്നതിനു പുറമേ, പൊലീസ് പെരുമാറ്റം പരിശോധിക്കുന്ന സ്വതന്ത്ര സമിതിയായ ഐഒപിസിക്ക് റിപ്പോർട്ട് നൽകുന്നതും പരിഗണിക്കുന്നുണ്ട്.
അമേരിക്കയിലും ഫിലിപ്പീൻസിലും അന്വേഷണം
ബ്രിട്ടീഷ് പൊലീസ് അമേരിക്കയിൽ കഴിയുന്ന തോമസ് മാർക്കിളിനെതിരെ അന്വേഷണം നടത്തുന്നില്ല. എന്നാൽ, ഫിലിപ്പീൻസ് നാഷണൽ പൊലീസും അമേരിക്കൻ അധികൃതരും ചേർന്നാണ് നിലവിൽ അന്വേഷണം നടത്തുന്നതെന്ന് ഫിലിപ്പീൻസ് പൊലീസ് അറിയിച്ചു. മനുഷ്യക്കടത്തും കുട്ടികളുടെ ലൈംഗിക ചൂഷണവും തടയുന്നതിനുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് പരിശോധിക്കുന്നതെന്ന് ഫിലിപ്പീൻസ് നീതിന്യായ വകുപ്പിലെ അണ്ടർസെക്രട്ടറി നിക്കോളാസ് ടൈ ബിബിസിയോട് പറഞ്ഞു. ആരോപണങ്ങളെക്കുറിച്ച് അറിവുണ്ടെന്നും ആവശ്യമായ സാഹചര്യത്തിൽ ഫിലിപ്പീൻസ് അധികൃതർക്ക് സഹായം നൽകുമെന്നും എഫ്ബിഐ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അമേരിക്കൻ ഫെഡറൽ നിയമലംഘനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പരിശോധിക്കുമെന്നും ഏജൻസി അറിയിച്ചിട്ടുണ്ട്.
അടുത്ത കാലത്തായി അമേരിക്ക, മെക്സിക്കോ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലായി താമസിച്ചിരുന്ന തോമസ് മാർക്കിൾ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈ വർഷം മേയിലാണ് ഫിലിപ്പീൻസ് വിട്ടത്. അന്വേഷണം തുടരുന്നതിനാൽ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.