താമസിയാതെ ആക്രമണം നടത്തിയേക്കാമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.  (Studio graphique FMM)
World

ട്രംപിന് മുന്നിൽ ഇറാനെ ആക്രമിക്കാൻ വിവിധ സാധ്യതകളുമായി പെൻ്റഗൺ

ആണവ പദ്ധതികളും ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും ഉൾപ്പെടെ ഇറാനിലെ വിവിധ ലക്ഷ്യങ്ങൾ ആക്രമിക്കാനുള്ള സാധ്യതകളാണ് അവതരിപ്പിച്ചതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

Safvana Jouhar

വാഷിംഗ്ടൺ: ഇറാനിൽ ആക്രമണം നടത്തുന്നതിന് അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണൾഡ് ട്രംപിന് മുന്നിൽ ആണവ കേന്ദ്രങ്ങളും മിസൈൽ കേന്ദ്രങ്ങളും ഉൾപ്പെടെ ആക്രമിക്കാനുള്ള വിവിധ സാധ്യതകൾ പെൻ്റ​ഗൺ അവതരിപ്പിച്ചെന്ന് റിപ്പോർട്ട്. ഇറാൻ്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങൾ മാത്രം ആക്രമണ ലക്ഷ്യമാക്കുന്നതും പരി​ഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇറാന്റെ ആണവ പദ്ധതികളും ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും ഉൾപ്പെടെ ഇറാനിലെ വിവിധ ലക്ഷ്യങ്ങൾ ആക്രമിക്കാനുള്ള സാധ്യതകളാണ് പെൻ്റ​ഗൺ‌ ട്രംപിന് അവതരിപ്പിച്ചതെന്നാണ് അമേരിക്കൻ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സൈബർ ആക്രമണം, ഇറാൻ്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെ ആക്രമിക്കുക തുടങ്ങിയ സാധ്യതകളും പെൻ്റ​ഗൺ അവതരിപ്പിച്ചാതായാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്. താമസിയാതെ ആക്രമണം നടത്തിയേക്കാമെന്നും അമേരിക്കൻ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം ഭരണകൂട വിരുദ്ധ കലാപങ്ങൾ ശക്തമാകവെ അമേരിക്കൻ ഇടപെടലിനെതിരെ മുന്നറിയിപ്പുമായി നേരത്തെ ഇറാൻ ​രം​ഗത്തെത്തിയിരുന്നു. ഇറാനിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രക്ഷോഭകരെ വധശിക്ഷക്ക് വിധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന അമേരിക്കൻ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഇറാൻ്റെ പ്രതികരണം. ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിലെ ഉദ്യോഗസ്ഥരോട് ഒഴിഞ്ഞ് പോകാൻ അമേരിക്ക മുന്നറിയിപ്പ് നൽകിയത് മിഡിൽ ഈസ്റ്റിൽ യുദ്ധ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്നായിരുന്നു ഇറാൻ്റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് അമേരിക്കൻ സൈനിക താവളങ്ങളുള്ള അയൽരാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. അമേരിക്കൻ ആക്രമണം തടയാൻ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സഖ്യകക്ഷികളോട് ഇറാൻ ആവശ്യപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഇറാനിയൻ ഉദ്യോേ​ഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്ക ഇറാനെ ലക്ഷ്യമിട്ടാൽ സൗദി അറേബ്യ, യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കപ്പെടുമെന്ന് ടെഹ്‌റാൻ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ഇറാനിയൻ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഖത്തറിലെ അൽ ഉദൈദിലുള്ള അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ഫോർവേഡ് ആസ്ഥാനവും ബഹ്‌റൈനിലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും ഉൾപ്പെടെ മേഖലയിലുടനീളം അമേരിക്കയ്ക്ക് നിരവധി സൈനിക താവളങ്ങളുണ്ട്.

SCROLL FOR NEXT