ലോകത്താകമാനം ആരാധകരുള്ള സിനിമ ഫ്രാഞ്ചൈസി ആണ് ജെയിംസ് ബോണ്ട്. 2021 ൽ പുറത്തിറങ്ങിയ 'നോ ടൈം ടു ഡൈ' ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം. തുടർന്ന്, ഡ്യൂൺ എന്ന സൂപ്പർഹിറ്റ് സിനിമയൊരുക്കിയ ഡെനി വില്ലെനൊവ്വ ആണ് ഇനി വരാനിരിക്കുന്ന 26ാമത് ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതെന്ന് വാർത്തകൾ വന്നിരുന്നു.
ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നടി സിഡ്നി സ്വീനിയുടെ പേരാണ് പുതിയ ബോണ്ട് സിനിമയിലെ നായികയുടെ സ്ഥാനത്തേക്ക് ഉയരുന്നത്. വളരെ കഴിവുള്ള നടിയാണ് സിഡ്നിയെന്നും ആക്ഷൻ രംഗങ്ങളിൽ നടിക്ക് തിളങ്ങാനാകുമെന്നാണ് സംവിധായകൻ വിശ്വസിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
അതേസമയം, ആരായിരിക്കും ജെയിംസ് ബോണ്ടിനെ അവതരിപ്പിക്കുന്നത് എന്ന കാര്യത്തിലും വ്യക്തതയില്ല. ആരോൺ ടെയ്‌ലർ-ജോൺസൺ, തിയോ ജെയിംസ്, ജെയിംസ് നോർട്ടൺ എന്നിവരുടെ പേരുകൾ അടുത്ത ജെയിംസ് ബോണ്ടായി ഉയർന്ന് കേൾക്കുന്നുണ്ട്.ആമസോൺ എംജിഎം നിർമിക്കുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രം കൂടിയാണിത്.