ചെടികൾക്കും, പ്രാണികൾക്കും തമ്മിൽ ശബ്ദത്തിലൂടെ ആശയവിനിമയം നടത്താനാവുമെന്നാണ് പുതിയ കണ്ടെത്തൽ. ടെൽ അവീവ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിലൂടെ ചെടികളും പ്രാണികളും തമ്മിൽ സംസാരിക്കുമെന്ന വിപ്ലവകരമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. തക്കാളിച്ചെടിയിൽ മുട്ടയിടുന്ന നിശാശലഭങ്ങളായിരുന്നു പഠനത്തിന് വിധേയമായിരുന്നത്. ജേണൽ ഇലൈഫിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പോപ്പ്‌കോൺ പൊട്ടുന്നതിന് സമാനമാണ് ചെടികളുടെ ശബ്ദമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് മനുഷ്യർക്ക് കേൾക്കാനാകില്ല. ”സസ്യങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വൈബ്രോമീറ്ററുകൾ വൈബ്രേഷനുകൾ റെക്കോർഡ് ചെയ്യുന്നതായി മുൻ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ പ്രകമ്പനങ്ങൾക്ക് ശബ്ദ തരംഗങ്ങളായി മാറാൻ സാധിക്കുമോ എന്ന വർഷങ്ങളായുള്ള ചോദ്യത്തിനാണ് ഞങ്ങളുടെ പഠനം ഉത്തരം നൽകുന്നത്”, ഗവേഷണത്തിന് നേതൃത്വം കൊടുത്ത പ്രൊഫ. ലിലാച്ച് ഹദാനി പറഞ്ഞു.
പെൺ നിശാശലഭങ്ങൾ സാധാരണയായി തക്കാളിച്ചെടിയിലാണ് മുട്ടയിടാറുള്ളത്. മുട്ട വിരിഞ്ഞുവരുന്ന ലാർവകൾക്ക് ഭക്ഷണം ലഭിക്കാനുള്ള സൗകര്യമാണ് ഇത്തരം തിരഞ്ഞെടുപ്പുകൾക്ക് കാരണം. ആരോഗ്യമുള്ള രണ്ട് തക്കാളിച്ചെടികൾ പെൺ നിശാശലഭങ്ങൾക്കായി അനുവദിച്ചു. ഒന്നിൽ, നിർജലീകരണം സംഭവിച്ചതിനെത്തുടർന്ന് ഉണ്ടാകുന്നതുപോലുള്ള ശബ്ദം സ്പീക്കറിൽനിന്ന് കേൾപ്പിച്ചു. മറ്റൊന്ന് നിശബ്ദമായിരുന്നു. പെൺ നിശാശലഭങ്ങൾ നിശബ്ദമായിരിക്കുന്ന തക്കാളിച്ചെടിയാണ് തിരഞ്ഞെടുത്തത്. ശബ്ദം ഒരു സൂചനയായി സ്വീകരിച്ചാണ് പെൺ നിശാശലഭങ്ങൾ മുട്ടയിടാൻ ഇടം തീരുമാനിച്ചതെന്ന് ഇതിലൂടെ മനസിലാക്കാനായി.
അതൊരു തുടക്കമായിരുന്നു. തുടർന്നുള്ള പരീക്ഷണങ്ങളിൽ, സസ്യങ്ങളിൽ നിന്നുള്ള ശബ്ദങ്ങൾ മാത്രമായിരുന്നു നിശാ ശലഭങ്ങളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതെന്ന് ഗവേഷക സംഘം സ്ഥിരീകരിച്ചു. ചെടികളിൽനിന്നുണ്ടാകുന്ന ശബ്ദങ്ങൾ ലാർവകളുടെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്ന കണക്കുക്കൂട്ടലാണ് പെൺ നിശാശലഭങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചത്. ചെടികളിൽ നിന്നുള്ള ശബ്ദങ്ങൾ ചില മൃഗങ്ങൾക്കും തിരിച്ചറിയാനാകുന്നുണ്ടെന്ന് ഹഡാനി പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്. പ്രാണികളും മൃഗങ്ങളുമൊക്കെ മറ്റു ചെടികളോടും ഇത്തരത്തിൽ ആശയവിനിമയം നടത്തുന്നുണ്ടാകാമെന്നും ഹഡാനി കൂട്ടിച്ചേർത്തു.