ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടുപേരിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ സൂരജ് യാദവ് ആണ് മരിച്ചത്. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചതിനെ തുടർന്ന് ബാക്കിയുള്ള ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. 20 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 28 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. സൂരജ് യാദവിന്റെ വിയോഗത്തിൽ ഇന്ത്യൻ എംബസി ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി.
കരീബിയൻ രാജ്യമായ ആന്റിഗ്വ ആൻഡ് ബാർബുഡയുടെ പതാകയേന്തിയ 'കേപ്പ് ദാവോ' (Cape Davo) എന്ന ബൾക്ക് കാരിയർ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റിയുടെ അംഗീകൃത ലിസ്റ്റിൽ ഈ കപ്പൽ ഉൾപ്പെട്ടിരുന്നില്ല. അതേസമയം, സൗദി അറേബ്യയെ സൈനികമായി സഹായിക്കുകയോ ബാബ് അൽ മന്ദേബ് കടലിടുക്ക് നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുകയോ ചെയ്താൽ ഗൾഫിലെ യുഎസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഹൂതി വിമതർ മുന്നറിയിപ്പ് നൽകി. ഹൂതി ഭീഷണിയുടെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 23-ന് നടക്കാനിരുന്ന ദേശീയ ദിനാഘോഷങ്ങളിലെ കരിമരുന്ന് പ്രയോഗവും ഡ്രോൺ ഷോയും സൗദി അറേബ്യ റദ്ദാക്കി.