AP: Juanma Jiménez/Europa Press
World

സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം; 64 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

റെയിൽവേ പാളത്തിലെ തകരാറുകളാണ് ആ അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Elizabath Joseph

മാഡ്രിഡ്: മധ്യ സ്പെയിനിലെ ടൊളീഡോ പ്രവിശ്യയിലുണ്ടായ അതിവേഗ ട്രെയിൻ അപകടത്തിൽ 64 പേർ മരിച്ചു. സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ കമ്പനിയായ 'ഇറിയോ'യുടെ (Iryo) എക്‌സ്പ്രസ് ട്രെയിനിന്റെ പിന്നിലേക്ക് റെൻഫെയുടെ (Renfe) അതിവേഗ ട്രെയിൻ ഇടിച്ചു കയറിയാണ് ദാരുണമായ ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ട്രെയിനുകളുടെയും നിരവധി ബോഗികൾ പാളം തെറ്റി കൊക്കയിലേക്ക് മറിഞ്ഞു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക സർക്കാർ വക്താവ് എസ്തർ പാഡില അറിയിച്ചു.

ഉർഡ (Urda), ലോസ് യെബെനെസ് (Los Yébenes) എന്നീ പട്ടണങ്ങൾക്കിടയിലുള്ള നേർരേഖാ ട്രാക്കിലാണ് അപകടം സംഭവിച്ചത്. ഇറിയോ ട്രെയിനിൽ 147 യാത്രക്കാരും റെൻഫെ ട്രെയിനിൽ 397 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. കൂടുതൽ തകർച്ച സംഭവിച്ച രണ്ട് ബോഗികളിൽ നിന്ന് കുടുങ്ങിക്കിടക്കുന്നവരെയും മൃതദേഹങ്ങളെയും പുറത്തെടുക്കാനാണ് രക്ഷാപ്രവർത്തകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരിക്കേറ്റവരെ മേഖലയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും അടിയന്തര ചികിത്സ നൽകുന്നതിനായി ഉർഡയിൽ ഒരു സ്പോർട്സ് പവലിയൻ താൽക്കാലിക ആശുപത്രിയാക്കി മാറ്റിയതായും ആരോഗ്യ മന്ത്രി മോണിക്ക ഗാർസിയ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ പ്രത്യേക എമർജൻസി ബ്രിഗേഡിനെയും വിന്യസിച്ചിട്ടുണ്ട്.

ദുരന്തത്തെ തുടർന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ബുധനാഴ്ചത്തെ തന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. ഈ വർഷം ജനുവരിയിൽ തെക്കൻ സ്പെയിനിലെ ആദമുസിന് സമീപം ഇറിയോ ട്രെയിൻ പാളം തെറ്റി റെൻഫെ ട്രെയിനിലേക്ക് ഇടിച്ചുകയറി 45 പേർ മരിക്കുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റെയിൽവേ പാളത്തിലെ തകരാറുകളാണ് ആ അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിലാണ് മാസങ്ങൾക്കുള്ളിൽ രാജ്യത്തെ നടുക്കി വീണ്ടും സമാനമായ മറ്റൊരു ട്രെയിൻ ദുരന്തം സംഭവിച്ചിരിക്കുന്നത്.

SCROLL FOR NEXT