(AP)
World

സൗദി വിമാനത്താവളങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്

മക്ക, മദീന നഗരങ്ങളിലെ വിമാനത്താവളങ്ങൾ ഒഴികെയുള്ള സൗദി വിമാനത്താവളങ്ങളും വ്യോമപാതയും ആക്രമണഭീഷണിയിലാണെന്നും ഇവിടങ്ങൾ തങ്ങളുടെ സൈനിക നടപടികളുടെ ഭാഗമായെന്നും ഹൂതികൾ അവകാശപ്പെട്ടു.

Safvana Jouhar

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളും വ്യോമപാതയും ഉപയോഗിക്കരുതെന്ന് വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും വിമാനത്താവള ജീവനക്കാർക്കും യെമനിലെ ഹൂതി വിമതരുടെ മുന്നറിയിപ്പ്. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ഒരു ദശാബ്ദത്തിലേറെയായി സൗദിയിൽ നടന്ന ഏറ്റവും മാരകമായ ഇത്തരം ആക്രമണമാണിത്. ഞായറാഴ്ച എക്‌സിൽ പങ്കുവെച്ച പ്രസ്താവനയിലാണ് ഹൂതികൾ മുന്നറിയിപ്പ് നൽകിയത്. മക്ക, മദീന നഗരങ്ങളിലെ വിമാനത്താവളങ്ങൾ ഒഴികെയുള്ള സൗദി വിമാനത്താവളങ്ങളും വ്യോമപാതയും ആക്രമണഭീഷണിയിലാണെന്നും ഇവിടങ്ങൾ തങ്ങളുടെ സൈനിക നടപടികളുടെ ഭാഗമായെന്നും ഹൂതികൾ അവകാശപ്പെട്ടു. മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നും ആക്രമണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം സൗദിക്കായിരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

ആക്രമണത്തെത്തുടർന്ന് റിയാദിലെ സ്കൂളുകളിൽ ആഴ്ചാവസാനം വരെ ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് സൗദി അധികൃതർ അറിയിച്ചു. വിമാനത്താവളങ്ങൾ അടച്ചിടുന്ന നടപടി ഞായറാഴ്ച രാത്രി ഒൻപത് മണിവരെ നീട്ടിയതായി ഫ്ലൈറ്റ് ട്രാക്കിങ് സേവനമായ ഫ്ലൈറ്റ്‌റഡാർ24 റിപ്പോർട്ട് ചെയ്തു. റിയാദിലുള്ള ഓസ്‌ട്രേലിയൻ പൗരന്മാരോട് വീടുകളിലും കെട്ടിടങ്ങൾക്കുള്ളിലും സുരക്ഷിതരായി തുടരാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഓസ്‌ട്രേലിയൻ എംബസി നിർദേശിച്ചു.

യെമനിൽ സംഘർഷം രൂക്ഷമാകുന്നു

ഇറാന്റെ പിന്തുണയുള്ള ഹൂതികളും സൗദി പിന്തുണയ്ക്കുന്ന യെമൻ സർക്കാർ സേനയും തമ്മിലുള്ള പോരാട്ടം അടുത്ത ആഴ്ചകളിൽ ശക്തമായിട്ടുണ്ട്. ചെങ്കടൽ തീരത്തെ തന്ത്രപ്രധാന പ്രദേശങ്ങൾ ഹൂതികൾ പിടിച്ചെടുത്തതിനു പിന്നാലെ സൗദി യെമനിൽ സൈനിക ഇടപെടൽ വർധിപ്പിക്കുകയും ഹൂതികൾക്കെതിരെ വ്യോമാക്രമണങ്ങൾ നടത്തുകയും ചെയ്തിരുന്നു.

യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച മുന്നറിയിപ്പ് നൽകിയത്, സൗദി സൈനിക നടപടികൾ തുടർന്നാൽ കൂടുതൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ്. യെമനിലെ ആക്രമണങ്ങളും ഇടപെടലുകളും അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം പ്രസ്താവിച്ചു.

യെമൻ തലസ്ഥാനമായ സനായിൽ ഞായറാഴ്ച രണ്ട് വ്യോമാക്രമണങ്ങൾ ഉണ്ടായതായി ഹൂതികൾ അറിയിച്ചു. സനായിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും സൗദി ആക്രമണം നടത്തിയതായി ഹൂതി നിയന്ത്രണത്തിലുള്ള അൽ മസീറ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. എന്നാൽ സൗദി അധികൃതർ ഇതേക്കുറിച്ച് ഉടൻ പ്രതികരിച്ചിട്ടില്ല. ആക്രമണങ്ങളിൽ ആളപായമുണ്ടായതായി സ്ഥിരീകരിച്ച റിപ്പോർട്ടുകളുമില്ല. അഞ്ചാഴ്ചയ്ക്കിടെ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണങ്ങളിൽ 91 പേർ കൊല്ലപ്പെടുകയും 168 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതി നിയന്ത്രണത്തിലുള്ള യെമൻ ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 60 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നും മന്ത്രാലയം അറിയിച്ചു.

ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ

റിയാദ് വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തെ ഇറാഖ്, ലെബനൻ, സിറിയ, യുഎഇ തുടങ്ങിയ അറബ് രാജ്യങ്ങൾ അപലപിച്ചു. ആക്രമണം മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് ഇറാഖ് പ്രധാനമന്ത്രിയുടെ വക്താവ് സബാഹ് അൽ നുമാൻ പറഞ്ഞു. സൈനിക നടപടികൾ അവസാനിപ്പിക്കുകയും സാധാരണക്കാരെയും സിവിലിയൻ സ്ഥാപനങ്ങളെയും സംരക്ഷിക്കുകയും വേണമെന്നും ഇറാഖ് ആവശ്യപ്പെട്ടു.

സൗദിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച യുഎഇ, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾക്ക് പിന്തുണ അറിയിച്ചു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും ആക്രമണത്തെ അപലപിച്ചു. സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും അവ ഉടൻ അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് പറഞ്ഞു. ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങളുടെ ആക്രമണങ്ങൾ മേഖലയെ കൂടുതൽ അക്രമങ്ങളിലേക്ക് തള്ളിവിടുകയാണെന്ന് വോൺ ഡെർ ലെയൻ പ്രതികരിച്ചു.

ആക്രമണത്തെ ഭീകരപ്രവർത്തനമെന്ന് വിശേഷിപ്പിച്ച ജർമനി, ബ്രിട്ടൻ എന്നിവയും അപലപിച്ചു. നയതന്ത്ര മാർഗങ്ങളിലൂടെ മാത്രമേ മധ്യപൂർവദേശത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകൂവെന്ന് റഷ്യ വ്യക്തമാക്കി. അതേസമയം, ഹൂതികൾക്കെതിരായ സൗദിയുടെ ആക്രമണങ്ങളിൽ അമേരിക്കയും പങ്കുചേരുന്നത് പരിഗണിച്ചുവരികയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ മേഖലയിലാകെ വ്യാപിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.

Reuters/AFP/AP

SCROLL FOR NEXT