എഐയെ വൈദ്യുതി പോലെ വിൽക്കാനൊരുങ്ങി സാം ആൾട്ട്മാൻ 
World

ബുദ്ധിശക്തി ഇനി അളന്നു വാങ്ങാം; എഐയെ വൈദ്യുതി പോലെ വിൽക്കാനൊരുങ്ങി സാം ആൾട്ട്മാൻ

ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഒരു അവശ്യ സേവനമായി മാറുമെന്നും, ഉപയോഗത്തിനനുസരിച്ച് മീറ്റർ കണക്കാക്കി ആളുകൾക്ക് ഇത് വാങ്ങേണ്ടി വരുമെന്നും ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ.

Elizabath Joseph

വാഷിംഗ്ടൺ: ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഒരു അവശ്യ സേവനമായി മാറുമെന്നും, ഉപയോഗത്തിനനുസരിച്ച് മീറ്റർ കണക്കാക്കി ആളുകൾക്ക് ഇത് വാങ്ങേണ്ടി വരുമെന്നും ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ. വാഷിംഗ്ടണിൽ നടന്ന ഇൻഫ്രാസ്ട്രക്ചർ ഉച്ചകോടിയിലാണ് അദ്ദേഹം ഈ വിപ്ലവകരമായ പ്രവചനം നടത്തിയത്. നിലവിൽ വൈദ്യുതിക്കും വെള്ളത്തിനും പണം നൽകുന്നത് പോലെ, എഐ നൽകുന്ന 'ബുദ്ധിശക്തിക്കും' (Intelligence) ടോക്കണുകൾ അടിസ്ഥാനമാക്കി ഉപഭോക്താക്കൾ പണം നൽകേണ്ടി വരുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. വലിയ പ്രോജക്റ്റുകൾക്ക് കൂടുതൽ പണവും ചെറിയ ആവശ്യങ്ങൾക്ക് കുറഞ്ഞ നിരക്കും നൽകുന്ന രീതിയിലേക്ക് ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഈ പ്രഖ്യാപനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. മനുഷ്യത്വത്തിന് വിരുദ്ധമായ പ്രസ്താവനയാണിതെന്നും, ഇന്റർനെറ്റിലെ വിവരങ്ങൾ മോഷ്ടിച്ച് നിർമ്മിച്ച സാങ്കേതികവിദ്യ ഇപ്പോൾ ആളുകൾക്ക് തന്നെ വിൽക്കാൻ ശ്രമിക്കുകയാണെന്നും പലരും കുറ്റപ്പെടുത്തുന്നു. ചിന്തിക്കാൻ പോലും ആളുകൾക്ക് പണം നൽകേണ്ടി വരുന്ന 'ബ്ലാക്ക് മിറർ' എപ്പിസോഡ് പോലെയാണിതെന്നാണ് വിമർശകരുടെ പക്ഷം. എന്നാൽ ഇതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും എന്നാൽ വരും വർഷങ്ങൾ ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ അല്പം പ്രയാസകരമായിരിക്കുമെന്നും ആൾട്ട്മാൻ പറഞ്ഞു.

എഐയുടെ വളർച്ച പരിസ്ഥിതിക്കും ഊർജ്ജ ഉപഭോഗത്തിനും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഡാറ്റാ സെന്ററുകൾ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്നത് ആഗോളതലത്തിൽ ചർച്ചയായിരിക്കുകയാണ്. ഓസ്‌ട്രേലിയയിൽ മാത്രം ഇത്തരത്തിലുള്ള 250-ലധികം ഡാറ്റാ സെന്ററുകൾ നിലവിലുണ്ട്. സിഡ്‌നിയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന പുതിയ ഡാറ്റാ സെന്ററിന് ഒരു ചെറിയ നഗരത്തിന് ആവശ്യമായ അത്രയും വൈദ്യുതി ആവശ്യമാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ ആണവോർജ്ജം, കാറ്റ്, സൗരോർജ്ജം എന്നിവയുടെ വലിയ തോതിലുള്ള ഉപയോഗം അനിവാര്യമാണെന്നും സാം ആൾട്ട്മാൻ സമ്മതിക്കുന്നു.‌‌‌‌

SCROLL FOR NEXT