റഷ്യ പെട്രോള്‍ കയറ്റുമതിയില്‍ ഇടവേളയെടുക്കുന്നുവെന്ന റിപ്പോര്‍ട്ട് ആശങ്കയാകുന്നു. ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഇന്ധനവില നിയന്ത്രിക്കുന്നതിനുമായി ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെ പെട്രോള്‍ കയറ്റുമതി നിരോധിക്കാൻ റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക് ആണ് നിര്‍ദേശം ഊര്‍ജ്ജ മന്ത്രാലയത്തിന് നല്‍കിയത്. മോസ്‌കോയില്‍ വെള്ളിയാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനം.
ഇസ്രായേലും ഇറാനുമായുള്ള സംഘര്‍ഷങ്ങള്‍ ആഗോള എണ്ണ വിപണിയില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ പെട്രോള്‍ വില വര്‍ധിക്കാതിരിക്കാനും സാധാരണക്കാര്‍ക്ക് തിരിച്ചടിയുണ്ടാകാതിരിക്കാനും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് റഷ്യയിലെ ചില റിഫൈനറികളുടെ പ്രവര്‍ത്തനം തടസപ്പെട്ടപ്പോഴും സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ആവശ്യമായ ഇന്ധനശേഖരം രാജ്യത്തുണ്ടെങ്കിലും, മുന്‍കരുതല്‍ എന്ന നിലയിലാണ് കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തുന്നത്. ദിവസവും 1.2 ലക്ഷം മുതല്‍ 1.7 ലക്ഷം ബാരല്‍ വരെ പെട്രോള്‍ റഷ്യ കയറ്റുമതി ചെയ്യുന്നുണ്ട്. റഷ്യയുടെ തീരുമാനം ചൈന, തുര്‍ക്കി, ബ്രസീല്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, സിംഗപ്പൂര്‍ എന്നിവരെയാണ് പ്രധാനമായും ബാധിക്കാന്‍ സാധ്യത. റഷ്യന്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കളാണ് ഈ രാജ്യങ്ങള്‍. കഴിഞ്ഞ വര്‍ഷം മാത്രം റഷ്യ ഏകദേശം 50 ലക്ഷം മെട്രിക് ടണ്‍ പെട്രോളാണ് ആഗോള വിപണിയില്‍ എത്തിച്ചത്.