(AP Photo/Kin Cheung)
World

റസ്സൽ ബ്രാൻഡിന് 10 വർഷവും ആറുമാസവും തടവുശിക്ഷ

ബലാത്സംഗം, ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ നാല് സ്ത്രീകളെ ആക്രമിച്ചതായി കോടതി കണ്ടെത്തി.

Safvana Jouhar

ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളിൽ ബ്രിട്ടീഷ് നടനും ഹാസ്യതാരവുമായ റസ്സൽ ബ്രാൻഡിന് 10 വർഷവും ആറുമാസവും തടവുശിക്ഷ. ലണ്ടനിലെ സൗത്ത്‌വാർക്ക് ക്രൗൺ കോടതിയാണ് തിങ്കളാഴ്ച ശിക്ഷ വിധിച്ചത്. സ്ത്രീകളുടെ സമ്മതത്തെ അവഗണിക്കുന്ന അഹങ്കാരവും നിസ്സാരവുമായ സമീപനമാണ് ബ്രാൻഡ് സ്വീകരിച്ചതെന്ന് ശിക്ഷ വിധിക്കവെ ജഡ്ജി ജോയൽ ബെന്നത്തൻ പറഞ്ഞു. പ്രശസ്തിയിലേക്ക് ഉയർന്ന കാലഘട്ടത്തിൽ തന്നെ അദ്ദേഹം ലൈംഗിക വേട്ടക്കാരനായി മാറിയിരുന്നുവെന്നും ജഡ്ജി നിരീക്ഷിച്ചു.

51-കാരനായ ബ്രാൻഡ് വിചാരണയിലുടനീളം കുറ്റം നിഷേധിക്കുകയും താനുമായി ഉണ്ടായ എല്ലാ ലൈംഗിക ബന്ധങ്ങളും പരസ്പര സമ്മതത്തോടെയായിരുന്നുവെന്ന് വാദിക്കുകയും ചെയ്തിരുന്നു. എന്നാൽ 2004 മുതൽ നടന്നതായി ആരോപിക്കപ്പെട്ട സംഭവങ്ങളിൽ ആറ് സ്ത്രീകളിൽ നാലുപേരെ ആക്രമിച്ചതായി 12 അംഗ ജൂറി കണ്ടെത്തി. ഇതിൽ എട്ട് പുരുഷന്മാരും നാല് സ്ത്രീകളുമുണ്ടായിരുന്നു. മറ്റ് രണ്ട് ബലാത്സംഗക്കുറ്റങ്ങളിലും ഒരു ലൈംഗികാതിക്രമശ്രമക്കേസിലും കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

പ്രശസ്തിയിലൂടെ ലഭിച്ച സ്വാധീനവും അധികാരവും സ്ത്രീകളിലേക്ക് പ്രവേശനം നേടാനും കുറ്റകൃത്യങ്ങൾ നടത്താനും ബ്രാൻഡ് ദുരുപയോഗം ചെയ്തതായി പ്രോസിക്യൂട്ടർ റിയൽ കാർമി-ജോൺസ് പറഞ്ഞു. കുറ്റകൃത്യങ്ങൾ ചെയ്തിട്ടും ശിക്ഷിക്കപ്പെടില്ലെന്ന തോന്നലും ഈ സ്വാധീനം അദ്ദേഹത്തിലുണ്ടാക്കിയെന്നും അവർ വ്യക്തമാക്കി. വിധി വന്ന വ്യാഴാഴ്ച തന്നെ ബ്രാൻഡിനെ കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച കോടതി ശിക്ഷ വിധിച്ചപ്പോൾ വലിയ വികാരപ്രകടനമൊന്നും നടത്തിയില്ല. കോടതി ഉദ്യോഗസ്ഥർ കൊണ്ടുപോകുന്നതിനിടെ ഭാര്യ ലോറയോട് 'നമുക്ക് കുഴപ്പമൊന്നുമുണ്ടാകില്ല' എന്ന അർഥത്തിൽ ചുണ്ടനക്കിയതായും റിപ്പോർട്ടുണ്ട്.

ഇരകളുടെ ജീവിതത്തെ ബാധിച്ച അതിക്രമങ്ങൾ

2023-ൽ ദി ടൈംസ്, ചാനൽ 4 എന്നിവ നടത്തിയ അന്വേഷണത്തിലാണ് ബ്രാൻഡിനെതിരായ ആരോപണങ്ങൾ പുറത്തുവന്നത്. ലൈംഗികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതായി നിരവധി സ്ത്രീകൾ അന്ന് വെളിപ്പെടുത്തിയിരുന്നു. 2004-ൽ ലണ്ടനിലെ ഒരു ബാറിൽ നടന്ന ജന്മദിനാഘോഷത്തിനിടെ ബ്രാൻഡ് ലൈംഗികമായി ആക്രമിച്ചതായി കോടതി കണ്ടെത്തിയ സ്ത്രീ, സംഭവം തന്നെ ഞെട്ടലിലേക്കും മാനസിക സംഘർഷത്തിലേക്കും തള്ളിയിട്ടെന്നും താൻ അപമാനിക്കപ്പെട്ടവളാണെന്ന തോന്നലുണ്ടാക്കിയെന്നും കോടതിയെ അറിയിച്ചു. വർഷങ്ങളോളം മാധ്യമങ്ങളിൽ ബ്രാൻഡിന്റെ സ്ത്രീകളോടുള്ള മോശം പെരുമാറ്റം തമാശയായി ആഘോഷിക്കപ്പെടുന്നത് കാണേണ്ടിവന്നതായും അവർ പറഞ്ഞു.

2009-ൽ ഒരു കോമഡി പരിപാടിയുടെ പിന്നണിയിൽ വെച്ച് പരിചയപ്പെട്ട ആരാധികയെ സ്വന്തം വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തതായും കോടതി കണ്ടെത്തി. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടാൽ ആരും വിശ്വസിക്കില്ലെന്ന് ഭയന്നതിനാൽ വർഷങ്ങളോളം മിണ്ടാതിരുന്നുവെന്ന് ഇരയുടെ മൊഴിയിൽ പറയുന്നു. ബ്രാൻഡിന്റെ പ്രശസ്തിയും സമ്പത്തും സ്വാധീനവും തനിക്ക് നിസ്സഹായത സൃഷ്ടിച്ചുവെന്നും അവർ വ്യക്തമാക്കി. 2004-ലോ 2005-ലോ ലണ്ടനിലെ ഒരു റേഡിയോ സ്റ്റേഷനിൽ വെച്ച് മറ്റൊരു സ്ത്രീയെ ചുംബിക്കുകയും ശരീരത്തിൽ അനുചിതമായി സ്പർശിക്കുകയും ചെയ്ത കുറ്റത്തിലും ബ്രാൻഡ് കുറ്റക്കാരനാണ്. ഈ സംഭവം തന്റെ ജീവിതത്തിൽ ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കിയെന്ന് യുവതി പറഞ്ഞു. 2009-ൽ ഒരു പരസ്യത്തിന്റെ റെക്കോർഡിങ്ങിനിടെ മറ്റൊരു സ്ത്രീയോട് മസാജ് ആവശ്യപ്പെടുകയും അവരുടെ സ്വകാര്യഭാഗത്ത് മുഖം അമർത്തുകയും ചെയ്ത സംഭവത്തിലും ബ്രാൻഡ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സംഭവം ഉടൻ തന്നെ മേലധികാരികളോട് അറിയിച്ചെങ്കിലും അവർ അത് അവഗണിച്ചുവെന്ന് യുവതി മൊഴി നൽകി.

പ്രതിഭാഗത്തിന്റെ വാദം

1995-ലെ കഞ്ചാവ് കൈവശംവെച്ച കേസിലെ ശിക്ഷയല്ലാതെ ബ്രാൻഡിന് മറ്റ് ക്രിമിനൽ കുറ്റങ്ങളൊന്നുമില്ലെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും മയക്കുമരുന്ന്, മദ്യപാന പ്രശ്നങ്ങളിൽ നിന്ന് മറ്റുള്ളവരെ മോചിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ ഇയാൻ വിന്റർ കോടതിയിൽ ചൂണ്ടിക്കാട്ടി. 1999-ൽ ബോൺമൗത്തിൽ നടന്ന ലേബർ പാർട്ടിയുടെ വാർഷിക സമ്മേളനത്തിനിടെ ഹോട്ടൽ മുറിയിൽ വെച്ച് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തിലും എംടിവിയുടെ ലണ്ടൻ ഓഫീസിലെ പുരുഷന്മാരുടെ ശുചിമുറിയിലേക്ക് ഒരു സ്ത്രീയെ വലിച്ചിഴച്ച് ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലും ബ്രാൻഡിനെ കോടതി കുറ്റവിമുക്തനാക്കി.

2000-കളുടെ തുടക്കത്തിൽ ടെലിവിഷൻ പരിപാടികളിലൂടെയും ബിബിസി റേഡിയോ ഷോയിലൂടെയും പ്രശസ്തനായ ബ്രാൻഡ് Forgetting Sarah Marshall, Get Him to the Greek തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഗായിക കാറ്റി പെറിയെ വിവാഹം കഴിച്ചിരുന്ന അദ്ദേഹം പിന്നീട് മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് അകന്ന് ഫ്ലോറിഡയിലേക്ക് താമസം മാറി. വെൽനസ്, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ, മതവിശ്വാസം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോകളിലൂടെ ഓൺലൈനിൽ വലിയ അനുയായിവൃന്ദവും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്.

SCROLL FOR NEXT