വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുളള ബന്ധത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ യുകെയുടെ മുന്‍ യുഎസ് അംബാസിഡറും മന്ത്രിയുമായിരുന്ന പീറ്റര്‍ മണ്ടല്‍സണ്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിക്ക് നാണക്കേടുണ്ടാകാതിരിക്കാനാണ് രാജിയെന്ന് പീറ്റര്‍ മണ്ടല്‍സണ്‍ പറഞ്ഞു. ജെഫ്രി എപ്സ്റ്റീനുമായുളള ബന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് നേരത്തെ പീറ്ററിനെ യുഎസ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. പീറ്റര്‍ മണ്ടല്‍സണ് എപ്സ്റ്റീനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു എന്നാണ് ആരോപണം. 2003-04 കാലത്ത് ലേബര്‍ പാര്‍ട്ടി എംപിയായിരുന്ന പീറ്റര്‍ എപ്സ്റ്റീനില്‍ നിന്ന് 75,000 ഡോളര്‍ കൈപ്പറ്റിയത് തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അങ്ങനെ പണം ലഭിച്ചതായി ഓര്‍മ്മയില്ലെന്നും അവയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നുമാണ് പീറ്റര്‍ പറഞ്ഞത്.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് അമേരിക്കൻ നീതിന്യായവകുപ്പ് പുറത്തിറക്കിയ രേഖകളിൽ ബ്രിട്ടനിലെ മുൻ രാജകുമാരൻ ആൻഡ്രൂവിന്റെ ചിത്രവുമുണ്ടായിരുന്നു. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പിന്നാലെ, ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ഇളയ സഹോദരനായ ആൻഡ്രു വിൻഡ്‌സറിന്‍റെ രാജകീയ പദവികൾ കൊട്ടാരം റദ്ദാക്കിയിരുന്നു.