പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്  (Getty Images)
World

നാറ്റോയെ പരീക്ഷിക്കാൻ പോളണ്ടിനെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്

അമേരിക്കൻ രഹസ്യാന്വേഷണ വിവരങ്ങൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടിനെ തുടർന്ന് പോളണ്ട് വിവിധ സുരക്ഷാ സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Safvana Jouhar

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നാറ്റോയുടെ പ്രതിരോധശേഷി പരിശോധിക്കുന്നതിനായി പോളണ്ടിനെതിരെ പുതിയ മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണത്തിന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ് മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. അമേരിക്കൻ രഹസ്യാന്വേഷണ വിവരങ്ങൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടിനെ തുടർന്ന് പോളണ്ട് വിവിധ സുരക്ഷാ സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്, "വരാനിരിക്കുന്ന മാസങ്ങൾ അതീവ നിർണായകമായേക്കാം. ആരെയും ഭയപ്പെടുത്താനല്ല പറയുന്നത്, എന്നാൽ ഭീഷണികളെ അവഗണിക്കാനാവില്ല. സഖ്യരാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സാഹചര്യങ്ങൾ നേരിടാൻ ഞങ്ങൾ തയ്യാറെടുക്കുകയാണ്," എന്ന് പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം, പോളണ്ടിലെ അടിസ്ഥാന സൗകര്യങ്ങൾ റഷ്യൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കുകയോ, നാറ്റോയുടെ പ്രതികരണം പരിശോധിക്കാൻ സൈനിക പ്രകോപനം നടത്തുകയോ ചെയ്യാൻ മോസ്കോ ശ്രമിച്ചേക്കാമെന്നാണ് വിലയിരുത്തൽ. 1999 മുതൽ നാറ്റോ അംഗമായ പോളണ്ടിന് നേരെയുള്ള ഏത് ആക്രമണവും സഖ്യരാജ്യങ്ങളുടെ സംയുക്ത പ്രതിരോധത്തിന് കാരണമാകുമെന്നതാണ് നാറ്റോയുടെ വ്യവസ്ഥ. അതേസമയം, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (IISS) പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ, യൂറോപ്പിലെ സൈനിക കേന്ദ്രങ്ങൾ നിരീക്ഷിക്കാനും നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം വിലയിരുത്താനും റഷ്യ "ഷാഡോ ഷിപ്പുകൾ" ഉപയോഗിച്ച് ഡ്രോണുകൾ വിന്യസിച്ചിരിക്കാമെന്ന് ചൂണ്ടിക്കാട്ടുന്നു.

2024 മുതൽ 2026 വരെ യൂറോപ്പിൽ 144 സംശയാസ്പദ ഡ്രോൺ സംഭവങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ജർമനി, ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്സ്, യുകെ, ഡെൻമാർക്ക് തുടങ്ങിയ നാറ്റോ അംഗരാജ്യങ്ങളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ യൂറോപ്പിനെതിരെ റഷ്യ അട്ടിമറി നീക്കങ്ങൾ നടത്തുകയാണെന്ന ആരോപണം പ്രസിഡന്റ് വ്ലാദിമിർ പുടിൻ നേരത്തെ നിഷേധിച്ചിരുന്നു. അതേസമയം, ബിബിസി റിപ്പോർട്ടിനെക്കുറിച്ച് വൈറ്റ് ഹൗസോ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.

SCROLL FOR NEXT