അമ്മാൻ: ജോർദാൻ രാജകുമാരി ഇമാനും ഭർത്താവ് ജമീൽ തെർമിയോട്ടിസും ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് മാതാപിതാക്കളായി. ഗർഭകാലത്ത് ഇരട്ടക്കുട്ടികളെയാണ് പ്രതീക്ഷിക്കുന്നതെന്ന വിവരം രഹസ്യമാക്കി വെച്ച ശേഷമാണ് രാജകുടുംബം കുഞ്ഞുങ്ങളുടെ ജനനം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 14നാണ് രാജകുമാരി ഇമാൻ ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതെന്ന് Royal Hashemite Court വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. “ഹെർ റോയൽ ഹൈനെസ് പ്രിൻസസ് ഇമാൻ ബിൻത് അബ്ദുല്ല രണ്ടാമനും ജമീൽ അലക്സാണ്ടർ തെർമിയോട്ടിസിനും ഇരട്ട പെൺകുഞ്ഞുങ്ങൾ പിറന്നതായി അറിയിക്കുന്നതിൽ റോയൽ ഹാഷിമൈറ്റ് കോർട്ടിന് സന്തോഷമുണ്ട്,” പ്രസ്താവനയിൽ പറഞ്ഞു.
29കാരിയായ ഇമാന്റെയും ജമീലിന്റെയും രണ്ടാമത്തെയും മൂന്നാമത്തെയും മക്കളാണ് നവജാത ശിശുക്കൾ. ഇവർക്ക് ഒരു വയസ്സുള്ള അമീന എന്ന മകളുമുണ്ട്. ഇമാന്റെ ഗർഭധാരണം ഈ വർഷം ആദ്യം അമ്മയും ജോർദാൻ രാജ്ഞിയുമായ റാനിയയാണ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. എന്നാൽ അന്ന് ഇരട്ടക്കുട്ടികളെയാണ് പ്രതീക്ഷിക്കുന്നതെന്ന വിവരം കുടുംബം പുറത്തുവിട്ടിരുന്നില്ല. “പുതിയൊരു സന്തോഷം വരുന്നു,” എന്നായിരുന്നു റാനിയ അന്ന് കുടുംബചിത്രത്തിനൊപ്പം കുറിച്ചത്. മകൾ ഇമാനും ജമീലിനും ആശംസകൾ നേർന്ന അവർ, കൊച്ചുമക്കളുടെ കൂട്ടത്തിലേക്ക് പുതിയ അംഗങ്ങൾ എത്തുന്നതിലുള്ള സന്തോഷവും പങ്കുവെച്ചിരുന്നു.
ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമന്റെയും രാജ്ഞി റാനിയയുടെയും മൂത്ത മകളും രണ്ടാമത്തെ കുട്ടിയുമാണ് ഇമാൻ. കിരീടാവകാശി ഹുസൈൻ, രാജകുമാരി സൽമ, രാജകുമാരൻ ഹാഷിം എന്നിവരാണ് ഇമാന്റെ സഹോദരങ്ങൾ. 2023 മാർച്ചിലാണ് ഗ്രീക്ക്-വെനിസ്വേലൻ ബിസിനസുകാരനായ ജമീൽ തെർമിയോട്ടിസിനെ ഇമാൻ വിവാഹം കഴിച്ചത്. 2025 ഫെബ്രുവരിയിലാണ് ദമ്പതികൾക്ക് ആദ്യ മകൾ അമീന ജനിച്ചത്. അതേസമയം പുതിയ കുഞ്ഞുങ്ങളുടെ പേരുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ രാജകുടുംബങ്ങളിലെ അപൂർവമായ ഇരട്ട ജനനങ്ങളുടെ പട്ടികയിലും ഇവർ ഇടംപിടിക്കും. ഡെൻമാർക്ക് രാജാവ് ഫ്രെഡറിക് പത്താമനും രാജ്ഞി മേരിക്കും 2011ൽ ഇരട്ടകളായ പ്രിൻസ് വിൻസെന്റിനെയും പ്രിൻസസ് ജോസഫീനെയും സ്വീകരിച്ചിരുന്നു. മൊണാക്കോയിലെ പ്രിൻസ് ആൽബർട്ട് രണ്ടാമനും പ്രിൻസസ് ഷാർലീനും 2014ൽ ഇരട്ടകളായ പ്രിൻസ് ജാക്വസിനും പ്രിൻസസ് ഗബ്രിയേലയ്ക്കും ജന്മം നൽകിയിരുന്നു.