ബ്രിട്ടീഷ് ടാബ്ലോയിഡ് മാധ്യമങ്ങൾക്കെതിരായ സ്വകാര്യതാ ലംഘനക്കേസിൽ പ്രിൻസ് ഹാരിക്ക് തിരിച്ചടി. ഡെയിലി മെയിലിന്റെ പ്രസാധകരായ അസോസിയേറ്റഡ് ന്യൂസ്‌പേപ്പേഴ്സ് ലിമിറ്റഡിനെ (ANL)തിരായ കേസ് ലണ്ടൻ ഹൈക്കോടതി തള്ളിക്കളഞ്ഞു. ഡെയിലി മെയിൽ തന്റെ ഫോൺ ചോർത്തുകയും, വോയ്‌സ്‌മെയിലുകൾ കേൾക്കുകയും, വഞ്ചനാപരമായി സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തുവെന്നായിരുന്നു ഹാരിയുടെയും ഗായകൻ എൽട്ടൺ ജോൺ, നടി എലിസബത്ത് ഹർലി ഉൾപ്പെടെ ഏഴ് പ്രമുഖരുടെയും ആരോപണം. എന്നാൽ ആരോപണങ്ങൾ തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മാത്യു നിക്‌ലിൻ 436 പേജുള്ള വിധിയിൽ കേസ് തള്ളിയത്.
11 ആഴ്ച നീണ്ട വിചാരണയ്ക്ക് ഏകദേശം 50 ദശലക്ഷം പൗണ്ടിന്റെ (ഏകദേശം 96.4 മില്യൺ ഓസ്ട്രേലിയൻ ഡോളർ) നിയമച്ചെലവ് വന്നതായാണ് റിപ്പോർട്ട്. വിധിയെ "വമ്പിച്ച വിജയം" എന്നാണ് പ്രസാധക കമ്പനി വിശേഷിപ്പിച്ചത്.
വിധി പുറത്തുവന്നത്, ഇൻവിക്ടസ് ഗെയിംസ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിപാടിക്കായി ഹാരി ലണ്ടനിൽ വേദിയിലെത്തിയ സമയത്തായിരുന്നു. അതേസമയം, കോടതിയിലെ തോൽവി തന്റെ മനോനിലയെ ബാധിച്ചിട്ടില്ലെന്ന് ഹാരിയുടെ വക്താവ് അറിയിച്ചു. "യുകെയിലേക്ക് തിരിച്ചെത്തിയതിൽ ഹാരി ഏറെ സന്തോഷവാനാണ്. ഈ ആഴ്ചയിലെ ഔദ്യോഗിക പരിപാടികൾക്കായി അദ്ദേഹം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്," എന്നാണ് വക്താവ് പറഞ്ഞത്.
ഭാര്യ മേഗൻ മാർക്കിളും മക്കളായ പ്രിൻസ് ആർച്ചിയും പ്രിൻസസ് ലിലിബെറ്റും സുരക്ഷാ കാരണങ്ങളാൽ യാത്ര റദ്ദാക്കിയതിനെ തുടർന്ന് ഹാരി ഒറ്റയ്ക്കാണ് ലണ്ടനിലെത്തിയത്. ബക്കിംഗ്ഹാം കൊട്ടാരത്തിൽ താമസിക്കാനുള്ള ക്ഷണം പിൻവലിച്ചുവെന്ന ഹാരിയുടെ സംഘത്തിന്റെ അവകാശവാദം രാജകൊട്ടാരം നിഷേധിച്ചു. ആദ്യം ക്ഷണം നിരസിച്ച ശേഷം പിന്നീട് തീരുമാനം മാറ്റിയതുകൊണ്ട് ആവശ്യമായ ഒരുക്കങ്ങൾ നടത്താൻ സമയം ലഭിച്ചില്ലെന്നായിരുന്നു കൊട്ടാരത്തിന്റെ വിശദീകരണം. ഹാരി ഈ ആഴ്ച ഇൻവിക്ടസ് ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക പരിപാടികളിലും ഒറ്റയ്ക്കാണ് പങ്കെടുക്കുക.