ജെൻസൻ ഹുവാങ്  (AP Photo/Julia Demaree Nikhinson)
World

ചാരബന്ധ ആരോപണവുമായി ബന്ധപ്പെട്ട വിവാദം; എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് രാജിവച്ചതായി റിപ്പോർട്ട്

ബന്ധത്തെക്കുറിച്ചുള്ള പരസ്യപ്രസ്താവനയിൽ ജെൻസൻ ഹുവാങ് സ്ത്രീയുടെ പേര് വെളിപ്പെടുത്തിയില്ല. കുടുംബത്തോടും കമ്പനിയോടും എൻവിഡിയ ഓഹരിയുടമകളോടും അദ്ദേഹം ക്ഷമാപണം നടത്തി.

Safvana Jouhar

ചൈനീസ് ചാരയെന്ന് സംശയിക്കുന്ന സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലിയ വിവാദത്തിന് പിന്നാലെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായ എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെൻസൻ ഹുവാങ് രാജിവച്ചതായി റിപ്പോർട്ട്. 1993ൽ കമ്പനി സ്ഥാപിക്കുന്നതിൽ പങ്കാളിയായ ഹുവാങിനെ സ്ഥാനത്തുനിന്ന് മാറ്റാൻ ഡയറക്ടർ ബോർഡ് നീക്കം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ട്രില്യൺ യുഎസ് ഡോളറിലധികം വിപണി മൂല്യമുള്ള എൻവിഡിയ, അടുത്തിടെ ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയിരുന്നു. എന്നാൽ വിവാദത്തിന് പിന്നാലെ കമ്പനിയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു.

വ്യാഴാഴ്ച വാൾസ്ട്രീറ്റ് വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് എൻവിഡിയ ഓഹരികൾ ഏഴ് ശതമാനത്തിലധികം ഇടിഞ്ഞ് 160.85 ഡോളറിലെത്തി. ഒരു മാസം മുമ്പ് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന വിലയേക്കാൾ 34 ശതമാനം കുറവാണിത്. ഹുവാങിന്റെ രാജിവാർത്ത പുറത്തുവരുന്നതിന് മുമ്പുതന്നെ ഓഹരികളിൽ ഇടിവ് തുടങ്ങിയിരുന്നു. കമ്പനിയുടെ ഇടക്കാല സിഇഒയായി നിലവിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ കൊലെറ്റ് ക്രെസിനെ നിയമിച്ചു. കമ്പനിയുടെ ആദ്യ ചെയർമാനായി സംരംഭകനും നിക്ഷേപകനുമായ ഹാർവി സി. ജോൺസിനെയും ഡയറക്ടർ ബോർഡ് തിരഞ്ഞെടുത്തു.

Jensen Huang and his wife Lori Huang

ദേശീയ സുരക്ഷയെക്കുറിച്ചും ആശങ്ക

ആദ്യമായി പുറത്തുവന്ന ബന്ധവിവാദത്തിലെ സ്ത്രീയെ സിംഗപ്പൂർ ആസ്ഥാനമായുള്ള എൻവിഡിയ ഉപഭോക്തൃ കമ്പനിയായ മെഗാസ്പീഡിലെ എക്സിക്യൂട്ടീവായ ആലീസ് ഹുവാങ് എന്നാണു യുഎസ് മാധ്യമങ്ങൾ തിരിച്ചറിഞ്ഞത്. ഹുവാങ് ലെ എന്ന പേരിലും അറിയപ്പെടുന്ന ഇവർ ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള വ്യക്തിയാണെന്ന് യുഎസ് ഇന്റലിജൻസ് വിഭാഗം സംശയിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ബന്ധത്തെക്കുറിച്ചുള്ള പരസ്യപ്രസ്താവനയിൽ ജെൻസൻ ഹുവാങ് സ്ത്രീയുടെ പേര് വെളിപ്പെടുത്തിയില്ല. കുടുംബത്തോടും കമ്പനിയോടും എൻവിഡിയ ഓഹരിയുടമകളോടും അദ്ദേഹം ക്ഷമാപണം നടത്തി.

എന്നാൽ ദേശീയ സുരക്ഷയെയോ കമ്പനിയുടെ രഹസ്യവിവരങ്ങളെയോ ബാധിക്കുന്ന തരത്തിലുള്ള ചോർച്ച ഉണ്ടായതായി വിശ്വസിക്കുന്നില്ലെന്ന് എൻവിഡിയ ഡയറക്ടർ ബോർഡ് അറിയിച്ചു. ഹുവാങിനെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയിൽ ചൈനയ്ക്ക് പങ്കുണ്ടെന്ന ആരോപണം ചൈന നിഷേധിച്ചു. വിവാദം പുറത്തുവന്നതിനുശേഷമുള്ള ആദ്യ പ്രതികരണത്തിൽ, യുഎസ് കയറ്റുമതി നിയന്ത്രണ നിയമങ്ങൾ പാലിക്കാനുള്ള ബാധ്യത അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് ഇന്റർനാഷണൽ വ്യക്തമാക്കി. യുഎസ് സർക്കാരുമായി സുതാര്യമായും സഹകരണത്തോടെയും പ്രവർത്തിക്കുമെന്നും ചെയർമാനും സിഇഒയുമായ ടാൻ യോങ് പോങ് പ്രസ്താവനയിൽ അറിയിച്ചു.

- Reported with Associated Press

SCROLL FOR NEXT