തിരുവനന്തപുരം: പ്രവാസി കേരളീയർക്കായി നോർക്ക റൂട്ട്സ് (NORKA ROOTS) നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ 'നോർക്ക കെയർ പ്ലസ്' (NORKA Care Plus) ആഗോള രജിസ്ട്രേഷൻ ഡ്രൈവ് പുനരാരംഭിച്ചു. പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും നിരന്തരമായ അഭ്യർത്ഥന പരിഗണിച്ചാണ് 2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ ഒരു മാസത്തേക്ക് രജിസ്ട്രേഷൻ വീണ്ടും തുറന്നു നൽകുന്നത്. രജിസ്ട്രേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
മുൻപ് മാർച്ച് 12 മുതൽ ഏപ്രിൽ 12 വരെ നടന്ന ഡ്രൈവിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ നിരവധി പ്രവാസികൾക്ക് പദ്ധതിയിൽ അംഗത്വം നേടാൻ സാധിച്ചിരുന്നില്ല. നിലവിൽ രാജ്യത്തിനകത്തും പുറത്തുമായി 1,32,000 പ്രവാസി കുടുംബങ്ങളിലായി അഞ്ച് ലക്ഷത്തിലധികം അംഗങ്ങൾ നോർക്ക കെയർ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിലുണ്ട്. ലഭ്യമായിരിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ പ്രവാസി മലയാളികളെ പദ്ധതിയുടെ ഭാഗമാക്കാൻ എല്ലാ നോർക്ക അംഗീകൃത പ്രവാസി സംഘടനകളും സഹകരിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു.