World

ബ്രസീലിനെ ഞെട്ടിച്ച് നോർവേ; വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ

എർലിങ് ഹാളണ്ട് നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർവേ ജയിച്ചു കയറിയത്. പകരക്കാരനായി ഇറങ്ങിയ സൂപ്പർ താരം നെയ്മർ ഇൻജുറി ടൈമിൽ പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടി.

Safvana Jouhar

ലോകകപ്പ് പ്രീക്വാർട്ടറിൽ ബ്രസീലിനെ തോൽപ്പിച്ച് നോർവേ ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനലിൽ. ആവേശകരമായ പോരാട്ടത്തിൽ എർലിങ് ഹാളണ്ട് നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർവേ ജയിച്ചു കയറിയത്. പകരക്കാരനായി ഇറങ്ങിയ സൂപ്പർ താരം നെയ്മർ ഇൻജുറി ടൈമിൽ പെനാൽറ്റിയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും ഫലത്തിൽ മാറ്റമുണ്ടായില്ല.

മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ തുടക്കം മുതൽ തന്നെ ആവേശകരമായ പോരാട്ടമാണ് അരങ്ങേറിയത്. ആദ്യ മിനിറ്റുകളിൽ തന്നെ ബ്രസീൽ ബോക്‌സിലേക്ക് ഇരമ്പിയെത്തിയ നോർവേ നിര, മൂന്നാം മിനിറ്റിൽ പാട്രിക് ബെർഗിലൂടെ വലകുലുക്കിയെങ്കിലും അലക്‌സാണ്ടർ സൊർലോത്ത് ഓഫ്‌സൈഡായതിനാൽ റഫറി ഗോൾ അനുവദിച്ചില്ല. പത്താം മിനിറ്റിൽ മത്തേയൂസ് കുന്യയെ ബോക്സിൽ വീഴ്ത്തിയതിന് വാർ പരിശോധനയ്ക്കൊടുവിൽ റഫറി ബ്രസീലിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. എന്നാൽ 14-ാം മിനിറ്റിൽ കിക്കെടുത്ത മിഡ്ഫീൽഡർ ബ്രൂണോ ഗിമാറസിന് പിഴച്ചു. ഗിമാറസിന്റെ ഷോട്ട് നോർവീജിയൻ ഗോൾകീപ്പർ തകർപ്പൻ ഡൈവിലൂടെ തടഞ്ഞതോടെ ആദ്യ പകുതി ഗോളില്ലാ സമനിലയിൽ പിരിയുകയായിരുന്നു. രണ്ടാം പകുതിയിൽ കാർലോ ആഞ്ചലോട്ടി ബ്രസീൽ നിരയിൽ മാറ്റങ്ങൾ വരുത്തി. 57-ാം മിനിറ്റിൽ കുന്യയ്ക്ക് പകരം എൻഡ്രിക്കിനെ പകരക്കാരനായി ഇറക്കി. ഗോൾവഴങ്ങാതെ പിടിച്ചുനിന്ന നോർവേ പ്രതിരോധം തകർക്കാൻ 67-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയെയും റയാനെയും പിൻവലിച്ച് ബ്രസീൽ നെയ്മറെയും കളത്തിലിറക്കി. 79-ാം മിനിറ്റിൽ ആന്ദ്രെ ഷെൽഡറപ്പിന്റെ കൃത്യമായ ക്രോസിൽ ഡിഫൻഡർ ഗബ്രിയേലിനൊപ്പം ഉയർന്നുചാടിയ ഹാളണ്ടിന്റെ ഹെഡ്ഡർ അലിസണെ കീഴടക്കി ബ്രസീൽ വലയിൽ പതിച്ചു. 90-ാം മിനിറ്റിൽ വീണ്ടും ഷെൽഡറപ്പും ഹാളണ്ടും ചേർന്നുള്ള മുന്നേറ്റം ബ്രസീലിന്റെ നെഞ്ചകം പിളർന്നു. ഷെൽഡറപ്പ് നൽകിയ പന്ത് സ്വീകരിച്ച് അവിശ്വസനീയമായ ഒരു ഗ്രൗണ്ട് ഷോട്ടിലൂടെ ലക്ഷ്യം കണ്ട ഹാളണ്ട് നോർവേയുടെ ലീഡ് രണ്ടാക്കി ഉയർത്തി. ഈ ലോകകപ്പിലെ ഹാളണ്ടിന്റെ ഏഴാം ഗോളായിരുന്നു ഇത്.

രണ്ടു ഗോളുകൾക്ക് പിന്നിലായതോടെ പതറിയ ബ്രസീലിന്റെ നെയ്മർക്ക് 90+5 മിനിറ്റിൽ മഞ്ഞ കാർഡ് ലഭിച്ചു. എന്നാൽ 90+7 മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഓസ്റ്റിഗാർഡ് വരുത്തിയ ഫൗളിൽ ബ്രസീലിന് വീണ്ടും പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത നെയ്മർ ലക്ഷ്യം തെറ്റാതെ പന്ത് വലയിലാക്കിയെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു.

നെയ്മർ

അതേസമയം തോൽവിക്ക് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ. മത്സരത്തിൽ നോർവെക്കെതിരെ പെനാൽറ്റിയിലൂടെ ബ്രസീലിന്റെ ഗോൾ നേടിയത് നെയ്മറായിരുന്നു. മത്സരശേഷം കളിക്കളം വിട്ടത് കണ്ണീരോടെയായിരുന്നു. പരമാവധി ശ്രമിച്ചു, എല്ലാം തുടങ്ങിയതും അവസാനിച്ചതും ഇതേ സ്റ്റേഡിയത്തിൽ, ഇറ്റ്സ് നൗ ഓവർ എന്ന് കുറിപ്പ് പങ്കുവെച്ചായിരുന്നു പ്രഖ്യാപനം. ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം. 139 കളികളിൽ നിന്ന് രാജ്യത്തിനായി നെയ്മർ നേടിയത് 80 ഗോൾ. പരിക്ക് കാരണം വിട്ടുനിന്ന നെയ്മർ ബ്രസീൽ ടീമിലെത്തിയത് 2 വർഷത്തിനും 8 മാസത്തിനും ശേഷമാണ് ഇപ്പോൾ ടീമിലെത്തിയത്.

SCROLL FOR NEXT