അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പഠനത്തോടൊപ്പമുള്ള ജോലി സമയം ആഴ്ചയിൽ 20 മണിക്കൂറിൽ നിന്ന് 25 മണിക്കൂറായി വർദ്ധിപ്പിച്ചിരിക്കുകയാണ് ന്യൂസിലൻഡ് സർക്കാർ. ഗവൺമെൻ്റ് പുതുതായി ആരംഭിച്ച 'ഇന്റർനാഷണൽ എജ്യുക്കേഷൻ: ഗോയിംഗ് ഫോർ ഗ്രോത്ത് പ്ലാൻ' എന്ന പദ്ധതിയുടെ ഭാഗമായി നിരവധി നയമാറ്റങ്ങളാണ് 2025 നവംബർ 3 മുതൽ പ്രാബല്യത്തിൽ വരുന്നത്. അപേക്ഷ എപ്പോൾ സമർപ്പിച്ചു എന്നത് പരിഗണിക്കാതെ, ആ തീയതി മുതൽ നൽകുന്ന എല്ലാ പുതിയ സ്റ്റുഡന്റ് വിസകൾക്കും ഈ മാറ്റം ബാധകമാകും. നിലവിൽ 20 മണിക്കൂർ ജോലി പരിധിയുള്ള വിസ കൈവശമുള്ള വിദ്യാർഥികൾക്ക്, അധികമായി ലഭിക്കുന്ന അഞ്ച് മണിക്കൂർ പ്രയോജനപ്പെടുത്തുന്നതിനായി സാധാരണ ഇമിഗ്രേഷൻ ഫീസ് അടച്ച് വ്യവസ്ഥകളിൽ മാറ്റം വരുത്താനോ പുതിയ വിസയ്ക്കോ അപേക്ഷിക്കാവുന്നതാണ്.
വർദ്ധിപ്പിച്ച ജോലി സമയത്തിനു പുറമേ, അംഗീകൃത എക്സ്ചേഞ്ച് അല്ലെങ്കിൽ സ്റ്റഡി എബ്രോഡ് പ്രോഗ്രാമുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഇപ്പോൾ പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള യോഗ്യത നൽകുന്നു. ഒരു സെമസ്റ്റർ കോഴ്സ് മാത്രം ചെയ്യുന്നവരാണെങ്കിലും ഈ ആനുകൂല്യം ലഭ്യമാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റുകയോ പഠന നിലവാരം കുറയ്ക്കുകയോ ചെയ്യുന്ന വിദ്യാർഥികൾ, നിലവിലുള്ള വിസയുടെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ അപേക്ഷിക്കുന്നതിന് പകരം പുതിയ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കണമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.