ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  Reuters: Ronen Zvulun
World

നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനം: അവകാശവാദം തള്ളി യുഎഇ; നയതന്ത്ര പോര്

Elizabath Joseph

ഇറാനുമായുള്ള യുദ്ധത്തിനിടയിൽ താൻ യുഎഇയിൽ രഹസ്യ സന്ദർശനം നടത്തിയതായും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തിയതായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഇസ്രായേൽ-യുഎഇ ബന്ധത്തിൽ ചരിത്രപരമായ മുന്നേറ്റത്തിന് ഈ സന്ദർശനം വഴിയൊരുക്കിയെന്ന് നെതന്യാഹുവിന്റെ ഓഫീസ് അവകാശപ്പെട്ടു. എന്നാൽ, മണിക്കൂറുകൾക്കകം ഈ പ്രസ്താവന പൂർണ്ണമായും തള്ളിക്കൊണ്ട് യുഎഇ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. തങ്ങളുടെ ബന്ധങ്ങൾ പരസ്യമാണെന്നും അബ്രഹാം ഉടമ്പടിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും വ്യക്തമാക്കിയ യുഎഇ, നെതന്യാഹുവിന്റേത് തെറ്റായ രാഷ്ട്രീയ വിവരണമാണെന്നും കുറ്റപ്പെടുത്തി.

നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ ഇറാനെ പ്രകോപിപ്പിക്കുകയും മേഖലയിലെ ഗൾഫ് രാജ്യങ്ങളെ പ്രതിരോധത്തിലാക്കുകയും ചെയ്തിട്ടുണ്ട്. യുഎഇയും സൗദി അറേബ്യയും ഇറാനെതിരായ ആക്രമണങ്ങളിൽ നേരിട്ട് പങ്കാളികളായെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇത്തരമൊരു വെളിപ്പെടുത്തൽ വരുന്നത്. തങ്ങളുടെ അതിർത്തിക്കപ്പുറത്തുള്ള ഇറാനുമായുള്ള ബന്ധവും അതേസമയം അമേരിക്കയുമായും ഇസ്രായേലുമായുള്ള തന്ത്രപരമായ സഹകരണവും സന്തുലിതമായി കൊണ്ടുപോകാൻ ശ്രമിക്കുന്ന യുഎഇയെ സംബന്ധിച്ചിടത്തോളം നെതന്യാഹുവിന്റെ പ്രസ്താവന വലിയ തിരിച്ചടിയായി. ഇസ്രായേലിന് വേണ്ടി ഗൾഫ് രാജ്യങ്ങളിലെ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നതിനെ യുഎഇ നേരത്തെ എതിർത്തിരുന്നു.

അമേരിക്കൻ ചാനലായ സിബിഎസിന് (CBS) നൽകിയ അഭിമുഖത്തിന് പിന്നാലെയാണ് നെതന്യാഹു ഈ വെളിപ്പെടുത്തൽ നടത്തിയത്. സാധാരണയായി മാധ്യമങ്ങളെ കാണാൻ വിമുഖത കാണിക്കുന്ന നെതന്യാഹു, ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഹിസ്ബുള്ളയുമായുള്ള പോരാട്ടം തുടരുമെന്നും അഭിമുഖത്തിൽ വ്യക്തമാക്കി. ട്രംപ് ഭരണകൂടം ഇറാനുമായുള്ള നിലപാടുകൾ കടുപ്പിക്കുന്ന സാഹചര്യത്തിൽ, ഇസ്രായേലിന്റെ ഏകപക്ഷീയമായ ഇത്തരം വെളിപ്പെടുത്തലുകൾ യുഎഇയെയും മറ്റ് ഗൾഫ് രാജ്യങ്ങളെയും കൂടുതൽ അപകടസാധ്യതകളിലേക്ക് നയിക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

SCROLL FOR NEXT