Benjamin Netanyahu  (Reuters: Ilia Yefimovich )
World

ബെഞ്ചമിൻ നെതന്യാഹുവിന് പ്രോസ്റ്റേറ്റ് ക്യാൻസർ; വിവരം വെളിപ്പെടുത്തിയത് ചികിത്സയ്ക്ക് ശേഷം

വെള്ളിയാഴ്ച പുറത്തുവിട്ട തന്റെ വാർഷിക ആരോഗ്യ റിപ്പോർട്ടിലാണ്76-കാരനായ അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.

Elizabath Joseph

ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു താൻ പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സയ്ക്ക് വിധേയനായ വിവരം വെളിപ്പെടുത്തി. വെള്ളിയാഴ്ച പുറത്തുവിട്ട തന്റെ വാർഷിക ആരോഗ്യ റിപ്പോർട്ടിലാണ്76-കാരനായ അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. ഒരു വർഷം മുൻപ് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പതിവ് പരിശോധനകളിലാണ് ഒരു സെന്റിമീറ്ററിൽ താഴെ മാത്രം വലിപ്പമുള്ള ചെറിയ മുഴ കണ്ടെത്തിയത്. ഇത് തുടക്കത്തിലുള്ള ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞതോടെ റേഡിയേഷൻ ചികിത്സയിലൂടെ അത് പൂർണ്ണമായും നീക്കം ചെയ്തതായി അദ്ദേഹം അറിയിച്ചു.

ഇറാൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് ഈ വാർത്ത പുറത്തുവിട്ടാൽ അത് ഇസ്രായേലിനെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്താൻ ഇറാൻ ഉപയോഗിക്കുമെന്ന് ഭയന്നാണ് രണ്ട് മാസത്തോളം ഇത് രഹസ്യമാക്കി വെച്ചതെന്ന് അദ്ദേഹം എക്‌സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. നിലവിൽ താൻ പൂർണ്ണ ആരോഗ്യവാനാണെന്നും ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് യാതൊരു തടസ്സവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹദസ്സ ഹോസ്പിറ്റലിലെ ഡോക്ടർമാരും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ നെതന്യാഹു മരിച്ചുവെന്ന തരത്തിൽ ഇറാനിയൻ മാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് 2023-ൽ പേസ്‌മേക്കർ (Pacemaker) ഘടിപ്പിച്ചതിനും 2024-ൽ ഹെർണിയ ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനായിട്ടുണ്ട്. ഇസ്രായേലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് ബെഞ്ചമിൻ നെതന്യാഹു.

SCROLL FOR NEXT