ദുബായ്: പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെയും വ്യോമപാതയിലെ സുരക്ഷാ ആശങ്കകളെയും തുടർന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള നിരവധി വിമാന സർവീസുകൾ രാജ്യാന്തര-പ്രാദേശിക വിമാനക്കമ്പനികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് നിയന്ത്രണങ്ങൾ പ്രധാനമായും ബാധിച്ചിട്ടുള്ളത്. ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് അതത് എയർലൈൻ പോർട്ടലുകൾ വഴി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
ഇത്തിഹാദ് എയർവേസ് അബുദാബിക്കും ബഹ്‌റൈനുമിടയിലുള്ള തെരഞ്ഞെടുത്ത സർവീസുകൾ (EY641-EY642, EY645-EY646, EY647-EY648) റദ്ദാക്കിയപ്പോൾ, എമിറേറ്റ്സിന്റെ കുവൈത്ത്, ബഹ്‌റൈൻ റൂട്ടുകളിലും സർവീസുകൾ തടസ്സപ്പെട്ടു. എയർ അസ്താന അൽമാറ്റിയിൽ നിന്നുള്ള ദുബായ്, ദോഹ സർവീസുകൾ വരും ദിവസങ്ങളിലേക്ക് നിർത്തിവെച്ചു. എയർ ഫ്രാൻസ് ദുബായ്, റിയാദ് നഗരങ്ങളിലേക്കുള്ള സർവീസുകൾ ഓഗസ്റ്റ് 25 വരെയും ബെയ്റൂട്ടിലേക്കുള്ളത് സെപ്റ്റംബർ 1 വരെയും റദ്ദാക്കിയിട്ടുണ്ട്. അബുദാബി, ദുബായ്, ദോഹ, റിയാദ്, ബഹ്‌റൈൻ, അമ്മാൻ, ടെൽ അവീവ് തുടങ്ങിയ മേഖലകളിലേക്കുള്ള വിമാനങ്ങൾ നിർത്തിവെച്ച ബ്രിട്ടീഷ് എയർവേസ്, ഒക്ടോബർ 31 വരെയുള്ള ബുക്കിംഗുകൾക്ക് സൗജന്യ ക്യാൻസലേഷനും പൂർണ്ണ റീഫണ്ടും വാഗ്ദാനം ചെയ്തിട്ടുണ്ട്.