നേപ്പാൾ പ്രധാനമന്ത്രി  
World

നേപ്പാളിൽ ജെൻസി പ്രക്ഷോഭം: സോഷൽമീഡിയ നിരോധനം പിൻവലിക്കില്ല

സാമൂഹിക മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിൻ്റെ പേരിൽ നേപ്പാളിൽ ജെൻസി പ്രക്ഷോഭം ശക്തമാകവെ നിരോധനം പിൻവലിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി കെ പി ശർമ്മ ഒലി.

Safvana Jouhar

കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിൻ്റെ പേരിൽ നേപ്പാളിൽ ജെൻസി പ്രക്ഷോഭം ശക്തമാകവെ നിരോധനം പിൻവലിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി കെ പി ശർമ്മ ഒലി. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾക്കാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. തിങ്കാളാഴ്ച ചേർന്ന നേപ്പാൾ മന്ത്രിസഭാ യോഗത്തിലായിരുന്നു ഒലി നിലപാട് വ്യക്തമാക്കിയത്. ആരോഗ്യ ജനസംഖ്യാ മന്ത്രി പ്രദീപ് പൗഡൽ സാമൂഹികമാധ്യമങ്ങളുടെ നിയന്ത്രണം പിൻവലിക്കണമെന്ന നിർദ്ദേശം മന്ത്രിസഭാ യോഗത്തിൽ മുന്നോട്ടു വെച്ചു. എന്നാൽ നിരോധനം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം ശരിയാണെന്നും അത് പുനഃപരിശോധിക്കില്ലെന്നും കെ പി ശർമ്മ ഒലി വ്യക്തമാക്കുകയായിരുന്നു എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു മന്ത്രിയെ ഉദ്ധരിച്ചുള്ള റിപ്പോർ‍ട്ട്. സാമൂഹിക മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാൻ നേപ്പാളി കോൺഗ്രസ് നേതൃത്വം സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഒലി വ്യക്തമാക്കിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം പിൻവലിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ആഭ്യന്ത്രമന്ത്രി രാകേഷ് ലേഖക് മന്ത്രിസഭയില്‍ രാജി പ്രഖ്യാപനം നടത്തിയതെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. നിരവധി പേരുടെ ജീവിതം നഷ്ടമായി. ഇതിൻ്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഞാൻ രാജിവെയ്ക്കുകയാണ്. സാമൂഹിക മാധ്യമങ്ങൾ തുറന്ന് കൊടുക്കാൻ പാ‍ർട്ടി ഇതിനകം തീരുമാനിച്ചിട്ടുണ്ട്. അതിലേയ്ക്ക് താങ്കളുടെ ശ്രദ്ധക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിയാണ് രാകേഷ് ലേഖക് രാജി പ്രഖ്യാപനം നടത്തിയതെന്നാണ് റിപ്പോർട്ട്. സാമൂഹിക മാധ്യമങ്ങളുടെ നിരോധനം പിൻവലിക്കണമെന്നതിൽ ശക്തമായ നിലപാടാണ് മന്ത്രി പ്രദീപ് പൗഡൽ സ്വീകരിച്ചത്. എന്നാൽ വിഷയത്തിൽ ഒരു തീരുമാനത്തിലെത്താൻ മന്ത്രിസഭാ യോഗത്തിന് സാധിച്ചില്ലെന്നാണ് റിപ്പോ‍ർട്ട്.

SCROLL FOR NEXT