ജപ്പാൻ  David Edelstein/ Unsplash
World

ജപ്പാനിൽ വിസ നിരക്കുകൾ അഞ്ചിരട്ടിയാക്കുന്നു; വിനോദസഞ്ചാരികളെ ബാധിക്കുമെന്ന് ആശങ്ക

1978-ന് ശേഷം ആദ്യമായാണ് ജപ്പാൻ വിസ നിരക്കുകൾ ഇത്രയും വലിയ തോതിൽ പരിഷ്കരിക്കുന്നത്.

Elizabath Joseph

ടോക്കിയോ: വിദേശ വിനോദസഞ്ചാരികൾക്കും കുടിയേറ്റക്കാർക്കുമുള്ള എൻട്രി വിസ നിരക്കുകൾ കുത്തനെ ഉയർത്താൻ ജപ്പാൻ സർക്കാർ തീരുമാനിച്ചു. വരും മാസങ്ങളിൽ (ജൂലൈ 1 മുതൽ) പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. 1978-ന് ശേഷം ആദ്യമായാണ് ജപ്പാൻ വിസ നിരക്കുകൾ ഇത്രയും വലിയ തോതിൽ പരിഷ്കരിക്കുന്നത്. നിലവിലുണ്ടായിരുന്ന നിരക്കുകൾ പണപ്പെരുപ്പത്തിനും വിദേശനാണ്യ വിനിമയ നിരക്കിലെ മാറ്റങ്ങൾക്കും അനുസൃതമായി പുതുക്കുകയാണെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി (Toshimitsu Motegi) വ്യക്തമാക്കി.

പുതിയ പരിഷ്കാരം അനുസരിച്ച് സിംഗിൾ എൻട്രി വിസ നിരക്ക് 3,000 യെന്നിൽ നിന്നും (ഏകദേശം $26.50) 15,000 യെന്നായി ($132) ഉയരും. മൾട്ടിപ്പിൾ എൻട്രി വിസ നിരക്ക് $53-ൽ നിന്നും $265 (ഏകദേശം 30,000 യെൻ) ആയാണ് വർദ്ധിപ്പിച്ചത്. എന്നാൽ ഈ തീരുമാനം സാധാരണക്കാരായ വിനോദസഞ്ചാരികളെ (Inbound tourists) ഉടനടി ബാധിക്കില്ലെന്നാണ് ജപ്പാൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ.

ഏതൊക്കെ വിനോദസഞ്ചാരികളെയാണ് ബാധിക്കുക?

ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള പല പ്രമുഖ രാജ്യങ്ങളിലെയും വിനോദസഞ്ചാരികൾക്ക് ജപ്പാനിലേക്ക് 90 ദിവസത്തെ 'വിസ രഹിത യാത്ര' അനുവദിച്ചിട്ടുള്ളതിനാൽ അത്തരം ടൂറിസ്റ്റുകൾക്ക് ഈ നിരക്ക് വർദ്ധനവ് ബാധകമാകില്ല. എന്നാൽ താഴെ പറയുന്ന വിഭാഗങ്ങളെ ഇത് നേരിട്ട് ബാധിക്കും:

വർക്കിങ് ഹോളിഡേ വിസയിലുള്ളവർ: ജപ്പാനിൽ ജോലി ചെയ്യാനും ഒപ്പം യാത്ര ചെയ്യാനുമായി എത്തുന്ന യുവാക്കൾ.

ബിസിനസ്സ്/തൊഴിൽ വിസകൾ: ബിസിനസ്സ് ആവശ്യങ്ങൾക്കോ ഹ്രസ്വകാല തൊഴിലിനായോ ജപ്പാൻ വിസയ്ക്ക് അപേക്ഷിക്കുന്നവർ.

കുടിയേറ്റ വിസകൾ: ജപ്പാനിലേക്ക് സ്ഥിരതാമസത്തിനായി വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശികൾ.

ഓവർടൂറിസവും ഇമിഗ്രേഷൻ നിയന്ത്രണങ്ങളും:

പ്രധാനമന്ത്രി സനായെ താകിച്ചി (Sanae Takaichi) നയിക്കുന്ന കൺസർവേറ്റീവ് സർക്കാർ രാജ്യത്തെ 'ഓവർടൂറിസം' (വിനോദസഞ്ചാരികളുടെ അമിത തിരക്ക്), വർദ്ധിച്ചുവരുന്ന വിദേശ താമസക്കാരുടെ എണ്ണം എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കടുത്ത നടപടികളിലേക്ക് കടക്കുന്നത്. വിസ നിരക്കുകൾക്ക് പുറമെ, ജപ്പാനിൽ നിന്നും വിദേശങ്ങളിലേക്ക് പോകുന്ന വിമാന ടിക്കറ്റുകൾക്കൊപ്പം ഈടാക്കുന്ന 'ഇന്റർനാഷണൽ ടൂറിസ്റ്റ് ടാക്സ്' ജൂലൈ 1 മുതൽ മൂന്നിരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. എയർപോർട്ടുകളുടെയും ചരിത്ര സ്മാരകങ്ങളുടെയും സംരക്ഷണത്തിനായാണ് ഈ തുക ഉപയോഗിക്കുക.

ദീർഘകാല റെസിഡൻസ് വിസകളുടെ പുതുക്കൽ നിരക്കുകൾ 30 ഇരട്ടി വരെ വർദ്ധിപ്പിക്കാനുള്ള ബില്ലും ജപ്പാൻ പാർലമെന്റിൽ പാസാക്കിയിട്ടുണ്ട്. വിദേശ താമസക്കാരുടെ അഭിപ്രായം തേടാതെ നടപ്പിലാക്കിയ ഈ 'തീവ്രമായ' നിരക്ക് വർദ്ധനവ് ജപ്പാനിലുള്ള വിദേശ ജീവനക്കാരുടെ ജീവിതച്ചിലവ് വർദ്ധിപ്പിക്കുമെന്നും ബിസിനസ്സ് സ്ഥാപനങ്ങൾക്ക് കനത്ത ബാധ്യതയാകുമെന്നും ജപ്പാൻ ഫെഡറേഷൻ ഓഫ് ബാർ അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി.

SCROLL FOR NEXT