2026 ഫെബ്രുവരി 28 ശനിയാഴ്ച ഇറാനിലെ ടെഹ്‌റാനിൽ ഉണ്ടായ സ്‌ഫോടനത്തെത്തുടർന്ന് പുക ഉയരുന്നു AP
World

ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം; ടെഹ്‌റാനിൽ ശക്തമായ സ്ഫോടനങ്ങൾ

ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികളെച്ചൊല്ലി മാസങ്ങളായി നിലനിൽക്കുന്ന തർക്കമാണ് പുതിയ സൈനിക നീക്കത്തിലേക്ക് നയിച്ചത്.

Elizabath Joseph

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇസ്രായേലിന് നേരെയുള്ള ഭീഷണികൾ ഒഴിവാക്കാനായി നടത്തിയ മുൻകരുതൽ ആക്രമണമാണിതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിച്ചു. ടെഹ്‌റാനിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായും നഗരത്തിന് മുകളിൽ കറുത്ത പുക ഉയരുന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഇസ്രായേലിനൊപ്പം അമേരിക്കയും വ്യോമ-നാവിക മാർഗ്ഗങ്ങളിലൂടെ ആക്രമണത്തിൽ പങ്കുചേരുന്നതായി യുഎസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികളെച്ചൊല്ലി മാസങ്ങളായി നിലനിൽക്കുന്ന തർക്കമാണ് പുതിയ സൈനിക നീക്കത്തിലേക്ക് നയിച്ചത്. ആക്രമണത്തിന് പിന്നാലെ ഇറാന്റെ പ്രത്യാക്രമണം ഭയന്ന് ഇസ്രായേലിൽ ഉടനീളം അപായ സൂചന നൽകുന്ന സൈറണുകൾ മുഴങ്ങുകയും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തു.

ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർക്കണമെന്ന് ഇസ്രായേൽ നേരത്തെ തന്നെ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. തങ്ങൾക്കെതിരെയുള്ള ഏത് ആക്രമണത്തെയും പ്രതിരോധിക്കുമെന്നും അമേരിക്കൻ ബേസുകൾ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ആക്രമണം പശ്ചിമേഷ്യയെ വീണ്ടും ഒരു വലിയ യുദ്ധമുഖത്തേക്ക് എത്തിച്ചിരിക്കുകയാണ്.

SCROLL FOR NEXT