Israel attacks Qatar al jazeera
World

ദോഹയിലെ ഇസ്രയേല്‍ ആക്രമണം; അപലപിച്ച് ഖത്തറും ഇറാനും

ദോഹയില്‍ ഹമാസിന്‍റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ നിരവധി അംഗങ്ങള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയം ലക്ഷ്യമിട്ടാണ് ഇസ്രായേൽ അക്രമണം നടത്തിയത്.

Elizabath Joseph

ദോഹയിലെ ഇസ്രായേല്‍ അക്രമത്തിൽ ശക്തമായി അപലപിച്ച് ഖത്തറും ഇറാനും. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ഭീരുപുത്വമാർന്ന അക്രമണമെന്നാണ് ഖത്തർ വിശേഷിപ്പിച്ചത്. ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയില്‍ ഹമാസിന്‍റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ നിരവധി അംഗങ്ങള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയം ലക്ഷ്യമിട്ടാണ് ഇസ്രായേൽ അക്രമണം നടത്തിയത്.

ഈ ക്രിമിനല്‍ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും ഗുരുതരമായ ഭീഷണിയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അല്‍ അന്‍സാരി പറഞ്ഞു.

'ഈ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിക്കുന്നതോടൊപ്പം, ഇസ്രയേലിന്റെ ഈ വിവേകശൂന്യമായ പെരുമാറ്റവും പ്രാദേശിക സുരക്ഷയെ തടസ്സപ്പെടുത്തുന്ന നടപടികളും, തങ്ങളുടെ സുരക്ഷയേയും പരമാധികാരത്തെയും ലക്ഷ്യം വെക്കുന്ന ഒരു പ്രവര്‍ത്തനവും വെച്ചുപൊറുപ്പിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കുന്നു. ഉന്നത തലത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഖത്തര്‍വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അങ്ങേയറ്റം അപകടകരവും ക്രിമിനൽ നടപടിയുമായ ഈ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഖത്തറിന്റെ ദേശീയ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും നഗ്നമായ ലംഘനമാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വിമർശിച്ചത്.

അതേസമയം, അക്രമണത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. എന്നാൽ ഇസ്രായേൽ ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചുവെങ്കിലും ഖത്തറിന്റെ പേര് സൂചിപ്പിച്ചിട്ടില്ല.

'ഹമാസിലെ ഉന്നത ഭീകര നേതാക്കള്‍ക്കെതിരായ ഇന്നത്തെ നടപടി പൂര്‍ണ്ണമായും സ്വതന്ത്രമായ ഒരു ഇസ്രായേലി സൈനിക നടപടിയായിരുന്നു. ഇതിന് തുടക്കമിട്ടത് ഇസ്രയേലാണ്, ഇസ്രയേലാണ്, ഇത് നടത്തിയത് ഇസ്രയേലാണ്, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും ഇസ്രയേല്‍ ഏറ്റെടുക്കുന്നു' നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു

SCROLL FOR NEXT