ടെഹ്റാൻ: സമാധാന പ്രതീക്ഷകൾക്ക് തിരിച്ചടിയായി ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാക വഹിച്ച രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം . ഒമാൻ തീരത്തിന് സമീപം വെച്ച് ഒരു എണ്ണക്കപ്പലിന് നേരെയും, തുടർന്ന് ഒരു കണ്ടെയ്നർ കപ്പലിന് നേരെയുമാണ് ആക്രമണമുണ്ടായത്. ഇതോടെ കടലിടുക്ക് വീണ്ടും അടയ്ക്കുകയാണെന്ന് ഇറാൻ സൈന്യം അറിയിച്ചു.
ആദ്യ സംഭവത്തിൽ, കടലിടുക്കിന്റെ മധ്യഭാഗത്തുകൂടി സഞ്ചരിക്കുകയായിരുന്ന ഇന്ത്യൻ എണ്ണക്കപ്പലിനെ രണ്ട് ഇറാൻ യുദ്ധബോട്ട് സമീപിക്കുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിയുതിർക്കുകയുമായിരുന്നു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും നാശനഷ്ടങ്ങളില്ലെന്നും കപ്പൽ ക്യാപ്റ്റൻ അറിയിച്ചു. എന്നാൽ രണ്ട് മണിക്കൂറിന് ശേഷം നടന്ന രണ്ടാമത്തെ ആക്രമണത്തിൽ ഒരു കണ്ടെയ്നർ കപ്പലിന് നേരെ മിസൈൽ പോലുള്ള ഒരു വസ്തു പതിക്കുകയും കപ്പലിലെ കാർഗോയ്ക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ഇതിനിടെ, അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പുതിയ നിർദ്ദേശങ്ങൾ ലഭിച്ചതായി ഇറാൻ വെളിപ്പെടുത്തി. പാകിസ്ഥാൻ സൈനിക മേധാവി വഴിയാണ് ഈ നിർദ്ദേശങ്ങൾ ഇറാനിലെത്തിയത്. എന്നാൽ ഇറാൻ തുറമുഖങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കാതെ കടലിടുക്ക് തുറക്കില്ലെന്ന കർക്കശമായ നിലപാടിലാണ് ഇറാൻ. ഇരുവശത്തുനിന്നുമുള്ള ഉപരോധം തുടരുന്നത് ആഗോള ഇന്ധന വിപണിയിൽ വീണ്ടും ആശങ്ക പരത്തിയിരിക്കുകയാണ്.