അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്  
World

ഇറാൻ - യുഎസ് വെടിനിർത്തൽ; സമാധാന ചർച്ചകൾ വെള്ളിയാഴ്ച ഇസ്ലാമാബാദിൽ; എണ്ണവിലയിൽ വൻ ഇടിവ്

വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും പശ്ചിമേഷ്യയിലെ പല ഭാഗങ്ങളിലും ഇപ്പോഴും മിസൈൽ ജാഗ്രതാനിർദ്ദേശങ്ങൾ തുടരുന്നുണ്ട്.

Elizabath Joseph

വാഷിംഗ്ടൺ/ടെഹ്‌റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ ഇറാൻ - യുഎസ് യുദ്ധത്തിന് താൽക്കാലിക ശമനം. രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദ്ദേശം ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അംഗീകരിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദിൽ ആരംഭിക്കും. എന്നാൽ ഈ നീക്കം യുദ്ധത്തിന്റെ അന്ത്യമല്ലെന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുകയും വെടിനിർത്തൽ പാലിക്കുകയും ചെയ്താൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. നേരത്തെ ഇറാനെതിരെ കടുത്ത ഭീഷണി മുഴക്കിയിരുന്ന ട്രംപ് ഇപ്പോൾ യുദ്ധത്തിൽ നിന്ന് ഒരടി പിന്നോട്ട് മാറിയത് ആഗോളതലത്തിൽ ആശ്വാസമായിട്ടുണ്ട്. ചൈനയുടെ രഹസ്യമായ ഇടപെടലുകളും പാകിസ്താൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയുമാണ് വെടിനിർത്തലിലേക്ക് നയിച്ചത്.

ഹോർമുസ് കടലിടുക്ക്: കപ്പലുകൾക്ക് ട്രാൻസിറ്റ് ഫീ ഏർപ്പെടുത്തിക്കൊണ്ട് പാത തുറന്നുകൊടുക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നു.

എണ്ണവില: വെടിനിർത്തൽ വാർത്ത പുറത്തുവന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു.

ലെബനൻ പ്രതിസന്ധി: ലെബനനിലെ സിവിൽ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്തണമെന്ന് ഓസ്ട്രിയ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഇതിനിടെ ലെബനനുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.

ട്രംപിന്റെ അധികാരം: ഇറാനെതിരായ ട്രംപിന്റെ യുദ്ധാധികാരങ്ങൾ പരിമിതപ്പെടുത്താനുള്ള ഡെമോക്രാറ്റുകളുടെ നീക്കം യുഎസ് കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടി തടഞ്ഞു.

വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും പശ്ചിമേഷ്യയിലെ പല ഭാഗങ്ങളിലും ഇപ്പോഴും മിസൈൽ ജാഗ്രതാനിർദ്ദേശങ്ങൾ തുടരുന്നുണ്ട്. അമേരിക്കൻ സൈന്യം തങ്ങളുടെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും പ്രതിരോധ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകൾ പശ്ചിമേഷ്യയുടെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

SCROLL FOR NEXT