ഡൊണാൾഡ് ട്രംപ്  
World

ഹോർമുസ് കടലിടുക്ക് തർക്കം രൂക്ഷം;നയം മാറ്റാൻ ഇറാൻ, ഒമാനെതിരെ ബോംബാക്രമണ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ യുഎസ് ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം തകർക്കാൻ കൃത്യമായ സൈനിക ആക്രമണം നടത്തുമെന്നും ടെഹ്‌റാൻ മുന്നറിയിപ്പ് നൽകി

Elizabath Joseph

ടെഹ്‌റാൻ/വാഷിംഗ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ നിലപാട് കടുപ്പിച്ച് ഇറാൻ. പ്രതിരോധത്തിൽ നിന്ന് പൂർണ്ണമായും 'ആക്രമണോത്സുക' (Fully offensive) നയത്തിലേക്ക് മാറുകയാണെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ യുഎസ് ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം തകർക്കാൻ കൃത്യമായ സൈനിക ആക്രമണം നടത്തുമെന്നും ടെഹ്‌റാൻ മുന്നറിയിപ്പ് നൽകി. ജൂൺ 17-ന് ഒപ്പുവെച്ച ധാരണാപത്രം പരാജയപ്പെട്ട സാഹചര്യത്തിൽ, വ്യവസ്ഥകൾ നടപ്പിലാക്കാൻ അമേരിക്കയ്ക്ക് ഏതാനും ആഴ്ചകളുടെ അന്തിമ സമയപരിധി നിശ്ചയിക്കുമെന്നും ഇറാൻ അറിയിച്ചു.

അതേസമയം, യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. തങ്ങളുടെ ലക്ഷ്യങ്ങൾക്ക് തടസ്സമായി നിന്നാൽ ഹോർമുസ് കടലിടുക്കിന്റെ തെക്ക് ഭാഗത്തുള്ള ഗൾഫ് രാജ്യമായ ഒമാനെതിരെ ബോംബാക്രമണം നടത്താൻ മടിക്കില്ലെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ഭീഷണിപ്പെടുത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ വിവാദ പരാമർശം. ഹോർമുസ് കടലിടുക്കിനെ യുഎസ് ഭൂപ്രദേശമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ പ്രസ്താവിച്ച ട്രംപ്, ഇറാൻ ആണവായുധം നേടുന്നത് തടയുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ആവർത്തിച്ചു.

SCROLL FOR NEXT