Mohammad Bagher Ghalibaf 
World

യുദ്ധത്തിൽ അമേരിക്ക പരാജയപ്പെട്ടു; വെല്ലുവിളിച്ചാൽ തകർക്കുമെന്ന് ഇറാൻ സ്പീക്കർ

ഇറാന്റെ വ്യോമ-നാവിക സേനകളെ ഇല്ലാതാക്കാമെന്ന അമേരിക്കൻ ലക്ഷ്യങ്ങൾ പാളിയെന്നും, ഹോർമുസ് കടലിടുക്കിന് മേലുള്ള നിയന്ത്രണം ഇപ്പോഴും ഇറാന്റെ കൈവശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Elizabath Joseph

ടെഹ്‌റാൻ: അമേരിക്കയ്ക്കും ഇസ്രായേലിനും നേരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് രംഗത്ത്. ഇറാന്റെ സൈനിക ശേഷി തകർക്കാനോ ഹോർമുസ് കടലിടുക്കിൽ ആധിപത്യം സ്ഥാപിക്കാനോ ശത്രുക്കൾക്ക് കഴിഞ്ഞിട്ടില്ലെന്നും യുദ്ധം അമേരിക്കയുടെ സമ്പൂർണ്ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ ഇസ്ലാമാബാദിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടത്തിയ ചർച്ചകളിൽ ഇറാന്റെ നിബന്ധനകൾ അംഗീകരിക്കപ്പെട്ടതുകൊണ്ടാണ് വെടിനിർത്തലിന് തയ്യാറായതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

അമേരിക്കയ്ക്ക് വൻതോതിൽ വിഭവങ്ങളും സാമ്പത്തിക കരുത്തുമുണ്ടാകാം, എന്നാൽ തന്ത്രപരമായ ആസൂത്രണത്തിലൂടെ അവയെ പ്രതിരോധിക്കാൻ ഇറാന് സാധിക്കുമെന്ന് ഗാലിബാഫ് ഓർമ്മിപ്പിച്ചു. കഴിഞ്ഞ മാസങ്ങളിൽ ശത്രുക്കളുടെ 180-ഓളം ഡ്രോണുകളെ തകർക്കാൻ ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾക്കായി. അത്യാധുനിക എഫ്-35 യുദ്ധവിമാനത്തിന് തൊട്ടടുത്ത് മിസൈൽ സ്ഫോടനം നടത്താൻ കഴിഞ്ഞത് ഇറാന്റെ സാങ്കേതിക മുന്നേറ്റത്തിന് തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അമേരിക്കയുടെ 'അമേരിക്ക ഫസ്റ്റ്' നയം വെറും പൊള്ളയാണെന്നും പ്രായോഗികമായി അവർ ഇസ്രായേലിന്റെ താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ഗാലിബാഫ് കുറ്റപ്പെടുത്തി. ഇസ്രായേൽ നൽകുന്ന തെറ്റായ വിവരങ്ങളാണ് അമേരിക്കയെ വഴിതെറ്റിക്കുന്നത്. സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ തകർക്കാമെന്ന മോഹം ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇറാന്റെ വ്യോമ-നാവിക സേനകളെ ഇല്ലാതാക്കാമെന്ന അമേരിക്കൻ ലക്ഷ്യങ്ങൾ പാളിയെന്നും, ഹോർമുസ് കടലിടുക്കിന് മേലുള്ള നിയന്ത്രണം ഇപ്പോഴും ഇറാന്റെ കൈവശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT