ഹോർമുസ് കടലിടുക്കിൽ അധികാരം ഉറപ്പിക്കാൻ ഇറാൻ;  
World

ഹോർമുസ് കടലിടുക്കിൽ അധികാരം ഉറപ്പിക്കാൻ ഇറാൻ; കപ്പലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഐ.ആർ.ജി.സി

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഔദ്യോഗികമായി ഏറ്റെടുക്കാൻ ഇറാൻ ഭരണകൂടം 'പേർഷ്യൻ ഗൾഫ് സ്ട്രൈറ്റ് അതോറിറ്റി' (PGSA) രൂപീകരിച്ചു.

Elizabath Joseph

ലോകത്തെ സുപ്രധാന കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഔദ്യോഗികമായി ഏറ്റെടുക്കാൻ ഇറാൻ ഭരണകൂടം 'പേർഷ്യൻ ഗൾഫ് സ്ട്രൈറ്റ് അതോറിറ്റി' (PGSA) രൂപീകരിച്ചു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) കീഴിലുള്ള ഈ അതോറിറ്റിയിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമേ ഇനി കപ്പലുകൾക്ക് കടലിടുക്ക് കടക്കാനാകൂ.

കടലിടുക്ക് കടക്കാൻ ആഗ്രഹിക്കുന്ന കപ്പൽ ക്യാപ്റ്റൻമാർ ഐ.ആർ.ജി.സിക്ക് നേരിട്ട് അപേക്ഷ നൽകണം. കപ്പലിന്റെ പേര്, ചരക്കിന്റെ മൂല്യം, ഉടമകളുടെ ദേശീയത തുടങ്ങി നാൽപ്പതോളം വിവരങ്ങൾ അടങ്ങിയ അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകിയാൽ മാത്രമേ അനുമതി നൽകൂ.

: കടലിടുക്ക് കടക്കുന്ന ചില കപ്പലുകളിൽ നിന്ന് ഇറാൻ ടോൾ ഈടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പണം നൽകുന്ന കപ്പലുകളെ ഇറാന്റെ ലാറക് ദ്വീപിന് ചുറ്റുമുള്ള പാതയിലൂടെ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കുന്നു.

ഹോർമുസ് കടലിടുക്കിന്റെ അതിർത്തികൾ വിപുലീകരിച്ചുകൊണ്ടുള്ള പുതിയ മാപ്പും ഇറാൻ പുറത്തിറക്കി. മറ്റ് രാജ്യങ്ങളുടെ അധീനതയിലുള്ള പ്രധാന തുറമുഖങ്ങളും ഓയിൽ ടെർമിനലുകളും ഈ മാപ്പ് പ്രകാരം ഇറാന്റെ നിയന്ത്രണ പരിധിയിൽ വരും.

ഇറാന്റെ ഈ നീക്കം ആഗോളതലത്തിൽ വലിയ നിയമപ്രശ്നങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇറാന് മേൽ അമേരിക്കയും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ നിലനിൽക്കുന്നതിനാൽ, ഐ.ആർ.ജി.സിക്ക് പണം നൽകുന്നത് നിയമവിരുദ്ധമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ആസ്ട്രേലിയൻ ഉപരോധങ്ങളും ഇതിൽ ഉൾപ്പെടും. കൂടാതെ, കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും നൽകുന്ന പരസ്പര വിരുദ്ധമായ സന്ദേശങ്ങൾ കപ്പൽ ഉടമകളെയും ക്യാപ്റ്റൻമാരെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

SCROLL FOR NEXT