x
World

ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; കുവൈത്ത് വിമാനത്താവളത്തിൽ നാശനഷ്ടം, ദുബായിൽ പരിഭ്രാന്തി

ബഹ്‌റൈൻ, ഖത്തർ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടും ഇറാൻ ആക്രമണം നടത്തി

Elizabath Joseph

കുവൈത്ത് സിറ്റി/ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം കടുപ്പിച്ച് ഗൾഫ് രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റു. വിമാനത്താവളത്തിലെ ടെർമിനൽ-1 പാസഞ്ചർ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. നിലവിൽ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.

യുഎഇയിലെ ദുബായ്, അബുദാബി നഗരങ്ങളെ ലക്ഷ്യമിട്ടും ഇറാൻ മിസൈലുകൾ തൊടുത്തു. ഇവയിൽ ഭൂരിഭാഗവും ആകാശത്തുവെച്ച് തന്നെ തകർക്കാൻ യുഎഇ പ്രതിരോധ സേനയ്ക്ക് കഴിഞ്ഞു. മിസൈൽ അവശിഷ്ടങ്ങൾ ദുബായിലെ ബിസിനസ് ബേ, ബർ ദുബായ്, ഇന്റർനാഷണൽ സിറ്റി എന്നിവിടങ്ങളിൽ പതിച്ചത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. പാം ജുമൈറയിൽ ഉണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ നാല് പേരെ ആശുപത്രിയിലേക്ക് മാറ്റി. അബുദാബിയിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടം വീണ് ഒരു പാകിസ്താൻ സ്വദേശി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ബഹ്‌റൈൻ, ഖത്തർ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടും ഇറാൻ ആക്രമണം നടത്തി. ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്ത് ശക്തമായ സ്ഫോടനങ്ങൾ നടന്നതായാണ് വിവരം. ജോർദാനിലെ മുവഫഖ് സാൽതി സൈനിക താവളത്തിന് നേരെയും ആക്രമണമുണ്ടായി. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും വിവിധ ഗൾഫ് രാജ്യങ്ങൾ കർശന നിർദ്ദേശം നൽകി.

SCROLL FOR NEXT