ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി 
World

അമേരിക്ക കരാർ ലംഘിച്ചെന്ന് ഇറാൻ; ധാരണാപത്രം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ യുദ്ധഭീതി

അമേരിക്ക തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടെന്നും ഉഭയകക്ഷി ബന്ധം ഇപ്പോൾ കടുത്ത അനിശ്ചിതാവസ്ഥയിലാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി

Elizabath Joseph

ടെഹ്റാൻ: അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചതായി ആരോപിച്ച്, ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിരുന്ന തന്ത്രപ്രധാനമായ ധാരണാപത്രം നടപ്പാക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാധ്യതയും ആശങ്കകളും ശക്തമായി. അമേരിക്ക തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടെന്നും ഉഭയകക്ഷി ബന്ധം ഇപ്പോൾ കടുത്ത അനിശ്ചിതാവസ്ഥയിലാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തങ്ങളുടെ അന്താരാഷ്ട്ര ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ അമേരിക്ക തയ്യാറാകുന്നത് വരെ ഈ നിലപാട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ സമീപകാല വ്യോമാക്രമണങ്ങളെ വക്താവ് ന്യായീകരിച്ചു. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങൾക്കെതിരെയുള്ള സ്വയം പ്രതിരോധം (Self-Defense) മാത്രമായിരുന്നു ഇതെന്നാണ് ഇറാന്റെ വാദം. സംഘർഷങ്ങൾക്ക് അയവ് വരുത്താനായി കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ സ്വിറ്റ്‌സർലൻഡിൽ വെച്ച് സമാധാന ചർച്ചകൾ നടന്നിരുന്നു. എന്നാൽ ജൂലായ് 6-ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിന് സമീപം മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതോടെ ഈ സമാധാന ശ്രമങ്ങൾ പാളുകയായിരുന്നു. കപ്പൽ ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തി കടുത്ത വാക്പോരുകളിലേക്കും നാവിക ഉപരോധ പ്രഖ്യാപനങ്ങളിലേക്കും നീങ്ങിയത് അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷയ്ക്കും ആഗോള വിപണിയ്ക്കും വലിയ ഭീഷണിയുയർത്തുന്നുണ്ട്.

SCROLL FOR NEXT