3I/ATLAS (Image credit: NSF/AUI/NSF NRAO/M.Weiss)
World

അന്തർനക്ഷത്രത്തെ നിരീക്ഷിച്ച് ജ്യോതിശാസ്ത്രജ്ഞർ

“3I/ATLAS” എന്ന പേരിലുള്ള ഈ ധൂമകേതു, നമ്മുടെ സൗരയൂഥത്തിലേക്ക് ഇന്‍റര്‍സ്റ്റെല്ലാർ സ്‌പേസില്‍ നിന്ന് കടന്നുവന്നതായി തിരിച്ചറിഞ്ഞ വളരെ അപൂർവമായ വസ്‍തുക്കളിൽ ഒന്നാണ്.

Safvana Jouhar

നമ്മുടെ ഗാലക്‌സിയിൽ ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള അറിവിനെ തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള ഒരു അന്തർനക്ഷത്ര അഥവാ ഇന്‍റര്‍സ്റ്റെല്ലാറിനെ നിരീക്ഷിച്ച് ജ്യോതിശാസ്ത്രജ്ഞർ. “3I/ATLAS” എന്ന പേരിലുള്ള ഈ ധൂമകേതു, നമ്മുടെ സൗരയൂഥത്തിലേക്ക് ഇന്‍റര്‍സ്റ്റെല്ലാർ സ്‌പേസില്‍ നിന്ന് കടന്നുവന്നതായി തിരിച്ചറിഞ്ഞ വളരെ അപൂർവമായ വസ്‍തുക്കളിൽ ഒന്നാണ്. ഇതുവരെ ഇത്തരത്തിലുള്ള മൂന്ന് അന്തർനക്ഷത്ര വസ്തുക്കളെ മാത്രമാണ് ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുള്ളത്. 2025 ജൂലൈ 1-നാണ് 3ഐ/അറ്റ്‌ലസ് ധൂമകേതുവിനെ ആദ്യമായി ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിച്ചത്. നാസയുടെ പിന്തുണയോടെ ചിലിയിൽ പ്രവർത്തിക്കുന്ന അറ്റ്‍ലസ് (ATLAS) ദൂരദർശിനിയിലൂടെയായിരുന്നു ഈ കണ്ടെത്തൽ. മണിക്കൂറിൽ ഏകദേശം 1,37,000 മൈൽ വേഗത്തിൽ സഞ്ചരിച്ചിരുന്നതിനാൽ ഇത് സൗരയൂഥത്തിനുള്ളിൽ നിന്നുള്ളതല്ലെന്ന് ശാസ്ത്രജ്ഞർ ഉടൻ തിരിച്ചറിഞ്ഞു.

മിഷിഗൺ സർവകലാശാലയിലെ ലൂയിസ് ഇ. സലസാർ മാന്‍സാനോയും സംഘവും അൽമ അറേ ഉപയോഗിച്ച് ഒരു നിർണായക കണ്ടെത്തൽ നടത്തിയതായി 2026 ഏപ്രിൽ 23-ന് നേച്ചർ അസ്‍ട്രോണമി ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. “സെമി-ഹെവി” വാട്ടർ എന്നറിയപ്പെടുന്ന ഡ്യൂട്ടറേറ്റഡ് ജലം ആദ്യമായിട്ടാണ് ഒരു അന്തർനക്ഷത്ര വസ്‍തുവിൽ കണ്ടെത്തിയത്. ഈ ധൂമകേതുവിൽ, സൗരയൂഥത്തിലെ മറ്റ് ധൂമകേതുക്കളെക്കാൾ 30 മടങ്ങും ഭൂമിയിലെ സമുദ്രങ്ങളെക്കാൾ 40 മടങ്ങും കൂടുതലായി ഈ ജലം അടങ്ങിയിരിക്കുന്നു. ഈ തരത്തിലുള്ള ജലസമ്പത്ത് സാധാരണയായി 30 കെൽവിനിൽ താഴെയുള്ള അത്യന്തം തണുത്ത സാഹചര്യങ്ങളിലാണ് രൂപപ്പെടുന്നത്. അതിനാൽ, 3ഐ/അറ്റ്‌ലസ് അതീവ ശൈത്യപരമായ ഒരു നക്ഷത്ര വ്യവസ്ഥയിൽ നിന്നാണ് ഉദ്ഭവിച്ചതെന്നതാണ് നിഗമനം. ഇത് നമ്മുടെ സൗരയൂഥത്തേക്കാൾ വ്യത്യസ്‍തവും പഴക്കമേറിയതുമായ ഒരു പ്രദേശമായിരിക്കാം. മുമ്പ് കണ്ടെത്തിയ ഇത്തരം വസ്തുക്കളുടെ രാസഘടന വ്യക്തമല്ലാതിരുന്നപ്പോൾ, ഇതിന്‍റെ ഡ്യൂട്ടേറിയം-ഹൈഡ്രജൻ അനുപാതം അളക്കാൻ സാധിച്ചത് വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ഇതുവഴി, അതിന്‍റെ ജന്മസ്ഥലമായ ദൂരസ്ഥ നക്ഷത്ര വ്യവസ്ഥയുടെ ചരിത്രം പോലും മനസിലാക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.

SCROLL FOR NEXT