പശ്ചിമേഷ്യൻ യുദ്ധം: വ്യോമപാതകൾ അടച്ചു; വിമാനങ്ങൾ റദ്ദാക്കി,  Keith Chan/ Usplash
World

പശ്ചിമേഷ്യൻ യുദ്ധം: വ്യോമപാതകൾ അടച്ചു; വിമാനങ്ങൾ റദ്ദാക്കി, ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ

സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ദുബായ് ഗവൺമെന്റ് യാത്രക്കാർക്ക് നിർദ്ദേശം നൽകി

Elizabath Joseph

അമേരിക്ക-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യാന്തര വിമാന ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഇറാൻ, ഇറാഖ്, ഇസ്രായേൽ, സിറിയ, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ ഭാഗികമായോ പൂർണ്ണമായോ അടച്ചതോടെ ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.

ദുബായ്, ദോഹ തുടങ്ങിയ പ്രധാന ട്രാൻസിറ്റ് ഹബ്ബുകൾ പ്രവർത്തനം നിർത്തിവെച്ചു. ഓസ്‌ട്രേലിയയിൽ നിന്ന് ഖത്തറിലേക്ക് പുറപ്പെട്ട വിമാനങ്ങൾ പാതിവഴിയിൽ നിന്ന് തിരിച്ചുവിട്ടു. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലും ദോഹയിലെ ഹമദ് എയർപോർട്ടിലും ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. എയർ ഇന്ത്യ, ഖത്തർ എയർവേയ്‌സ്, എമിറേറ്റ്സ്, ബ്രിട്ടീഷ് എയർവേയ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി.

സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ദുബായ് ഗവൺമെന്റ് യാത്രക്കാർക്ക് നിർദ്ദേശം നൽകി. പല വിമാനങ്ങളും ഇറാഖിനും കുവൈറ്റിനും മുകളിൽ വെച്ച് ദിശമാറി പറന്നത് യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. മാർച്ച് രണ്ട് വരെ പല രാജ്യങ്ങളിലേക്കുമുള്ള സർവീസുകൾ പുനരാരംഭിക്കില്ലെന്നാണ് എയർലൈനുകൾ നൽകുന്ന സൂചന.

SCROLL FOR NEXT