ടെല്‍ അവീവ്: പലസ്തീന്‍ തടവുകാരനെ ക്രൂരമായി മര്‍ദിക്കുന്ന ഇസ്രയേല്‍ സൈന്യത്തിന്റെ വീഡിയോ പുറത്തായ സംഭവത്തിൽ ഇസ്രയേല്‍ സൈന്യത്തിലെ മുന്‍ ലീഗല്‍ ഓഫീസറെ അറസ്റ്റ് ചെയ്തു. സൈനികരുടെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ താന്‍ അനുമതി നല്‍കിയെന്ന് ജനറല്‍ യിഫാത് ടോമര്‍ യെറുഷല്‍മി സമ്മതിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. വീഡിയോ ചോര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ പ്രതിരോധ സേനയുടെ സൈനിക അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്ത് നിന്ന് യിഫാത് രാജിവെച്ചിരുന്നു. ഞായറാഴ്ച യിഫാതിനെ കാണാനില്ലെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നെങ്കിലും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ യിഫാതിനെ ജീവനോടെ കണ്ടെത്തിയെന്നും തുടര്‍ന്ന് കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24 നാണ് സംഭവത്തിന് കാരണമായ വീഡിയോ ദൃശ്യം ഇസ്രയേല്‍ ന്യൂസ് ചാനല്‍ പുറത്ത് വിട്ടത്. തെക്കന്‍ ഇസ്രയേലിലെ സ്‌ഡെ ടെയ്മന്‍ സൈനിക കേന്ദ്രത്തില്‍ വെച്ച് സൈനികര്‍ ഒരു തടവുകാരനെ ഷീല്‍ഡ് ഉപയോഗിച്ച് വളഞ്ഞിട്ട് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. ദൃശ്യങ്ങളില്‍ നിന്നും സൈനികര്‍ തടവുകാരന്റെ മലാശയത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തുന്നതും കാണാമായിരുന്നു. തടവുകാരനെ ഗുരുതരമായി ഉപദ്രവിച്ചതിന് അഞ്ച് റിസര്‍വിസ്റ്റുകള്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ സംഭവം നിഷേധിച്ചിരുന്നു. വീഡിയോ ചോര്‍ന്ന സംഭവത്തില്‍ കഴിഞ്ഞ ആഴ്ചയാണ് അന്വേഷണം ആരംഭിച്ചത്.