ടെന്നീസ് താരം നിക് കിർഗിയോസ്  (Marijan Murat/dpa)
World

കൊക്കെയ്ൻ പരിശോധനയിൽ പോസിറ്റീവ്; ടെന്നീസ് താരം നിക് കിർഗിയോസിന് താൽക്കാലിക വിലക്ക്

“ഞാൻ വലിയൊരു തെറ്റ് ചെയ്തു. അതിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഞാൻ യാതൊരു ഒഴികഴിവും പറയാൻ പോകുന്നില്ല,” കിർഗിയോസ് പറഞ്ഞു.

Safvana Jouhar

ഓസ്‌ട്രേലിയൻ ടെന്നീസ് താരം നിക് കിർഗിയോസിന് കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലിക വിലക്ക്. ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസി (ITIA) ആണ് താരത്തിന് താൽക്കാലിക സസ്പെൻഷൻ ഏർപ്പെടുത്തിയതായി സ്ഥിരീകരിച്ചത്. ജൂണിൽ മല്ലോർക്കയിൽ നടന്ന ATP 250 ടൂർണമെന്റിനിടെ നടത്തിയ പരിശോധനയിലാണ് കിർഗിയോസിന്റെ സാമ്പിൾ പോസിറ്റീവായത്. ഓഗസ്റ്റ് 4ന് താൽക്കാലിക വിലക്കിന്റെ ഔദ്യോഗിക അറിയിപ്പ് താരത്തിന് ലഭിച്ചു. വിലക്കിനെതിരെ അപ്പീൽ നൽകാൻ കിർഗിയോസിന് അവസരമുണ്ടെങ്കിലും ഇതുവരെ അപ്പീൽ നൽകിയിട്ടില്ല.

31കാരനായ കിർഗിയോസ് സംഭവത്തിൽ യാതൊരു ന്യായീകരണവും മുന്നോട്ടുവയ്ക്കാതെ ഉത്തരവാദിത്തം ഏറ്റെടുത്തു. സോഷ്യൽ മീഡിയയിലൂടെ ആരാധകരോടും കുടുംബത്തോടും സ്പോൺസർമാരോടും മാപ്പ് ചോദിച്ച താരം, തന്നെ പിന്തുടരുന്ന കുട്ടികളോടും പ്രത്യേകമായി ക്ഷമാപണം നടത്തി. “ഞാൻ വലിയൊരു തെറ്റ് ചെയ്തു. അതിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഞാൻ യാതൊരു ഒഴികഴിവും പറയാൻ പോകുന്നില്ല,” കിർഗിയോസ് പറഞ്ഞു. തന്റെ തീരുമാനങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിക്കുകളുമായി നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന കിർഗിയോസിന് പുതിയ നടപടി കരിയറിലെ മറ്റൊരു വലിയ തിരിച്ചടിയാണ്. കാൽമുട്ടിനും കൈത്തണ്ടയ്ക്കുമുള്ള പരിക്കുകൾ തന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. “എന്റെ ശരീരത്തിന് എന്റെ മനസ്സ് പ്രതീക്ഷിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ കഴിയാതെ വന്നത് എന്നെ ഏറെ ബാധിച്ചു. കരിയറിന്റെ അവസാനത്തോട് അടുക്കുകയാണെന്ന യാഥാർഥ്യം അംഗീകരിക്കുന്നത് ഞാൻ വിചാരിച്ചതിലും ബുദ്ധിമുട്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.

ടെന്നീസ് തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും അത് ഉപേക്ഷിക്കേണ്ടി വരുന്നത് നേരിടാൻ ഏറെ ബുദ്ധിമുട്ടാണെന്നും കിർഗിയോസ് കൂട്ടിച്ചേർത്തു. ചില സമയങ്ങളിൽ താൻ നിസ്സഹായനും ഒറ്റപ്പെട്ടവനുമായി തോന്നിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ പരിക്കുകളോ മാനസിക സമ്മർദങ്ങളോ താൻ നടത്തിയ നടപടിയെ ന്യായീകരിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. താൽക്കാലിക വിലക്ക് തനിക്ക് ഒരു “വേക്ക്-അപ്പ് കോൾ” ആയെന്നും സ്വയം മെച്ചപ്പെടുത്തുന്നതിനായി അടുത്ത 28 ദിവസത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുമെന്നും കിർഗിയോസ് അറിയിച്ചു.

വിലക്ക് നിലനിൽക്കുന്ന കാലയളവിൽ ടൂർണമെന്റുകളിൽ മത്സരിക്കുന്നതിനൊപ്പം പരിശീലിപ്പിക്കുകയോ ടൂർ അംഗീകൃത പരിപാടികളിൽ പങ്കെടുക്കുകയോ ചെയ്യാനും താരത്തിന് കഴിയില്ല. ഈ വർഷം ഇതുവരെ നാല് മത്സരങ്ങളിൽ മാത്രമാണ് കിർഗിയോസ് പങ്കെടുത്തത്. പുതിയ സംഭവവികാസത്തോടെ അടുത്ത വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനുള്ള താരത്തിന്റെ സാധ്യതകളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

അടുത്തതായി തിരിച്ചെത്തുന്നതുവരെ തന്റെ സ്വകാര്യത മാനിക്കണമെന്ന് ആരാധകരോട് അഭ്യർഥിച്ച കിർഗിയോസ്, “ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ ഇതിനായി പ്രവർത്തിക്കും, കൂടുതൽ മികച്ച നിലയിൽ തിരിച്ചെത്തും” എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്.

SCROLL FOR NEXT