സൂര്യനോട് അടുത്ത് എത്തിയ ഒരു ധൂമകേതുവിന്‍റെ ഭ്രമണം പൂർണ്ണമായും വിപരീത ദിശയിലേക്ക് മാറുന്നത് ആദ്യമായി ബഹിരാകാശ ശാസ്ത്രജ്ഞർ പകര്‍ത്തി. Comet 41P/Tuttle-Giacobini-Kresák എന്ന ധൂമകേതുവിന്റെ ഈ വിചിത്രമായ മാറ്റം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചാണ് നിരീക്ഷിച്ചത്. പ്രകടിപ്പിച്ചത്. 2017-ൽ സൂര്യനോട് ഏറ്റവും അടുത്ത് എത്തിയപ്പോൾ ഇതിന്‍റെ ഭ്രമണത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചതായാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം.
കാലിഫോർണിയയിലെ യു.സി.എൽ.എയിലെ ഗ്രഹശാസ്ത്രജ്ഞനായ ഡേവിഡ് ജൂവിറ്റ് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് പിന്നിൽ. അദേഹത്തിന്‍റെ പഠനം ‘ദി ആസ്ട്രോണോമിക്കൽ ജേർണൽ’ പ്രസിദ്ധീകരിച്ചു. വെറും ഒരുകിലോമീറ്റർ വ്യാസമുള്ള ചെറിയ ഐസ് ഘടനയുള്ള ധൂമകേതുവായതിനാൽ ഇതിന് ഭ്രമണശക്തിയിൽ ചെറിയ മാറ്റങ്ങൾ പോലും വലിയ സ്വാധീനം ചെലുത്തുന്നു. സൂര്യന്‍റെ ചൂട് ധൂമകേതുവിലെ മഞ്ഞ് വാതകമായി മാറാൻ കാരണമായി. ഇതിന്‍റെ ഫലമായി അസമമായ രീതിയിൽ ധൂമകേതുവിന്‍റെ പുറത്ത് പൊങ്ങുന്ന വാതക ജെറ്റുകൾ രൂപപ്പെട്ടു. ഈ ജെറ്റുകൾ ചെറിയ ത്രസ്റ്ററുകൾ പോലെ പ്രവർത്തിച്ച് ധൂമകേതുവിന്‍റെ ഭ്രമണം ആദ്യം മന്ദഗതിയിലാക്കി. പിന്നീട് പൂർണ്ണമായും നിർത്തുകയും തുടർന്ന് മറുവശത്തേക്ക് തിരിക്കുകയും ചെയ്തു. സ്വിഫ്റ്റ് ഒബ്‍സർവേറ്ററി നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം 2017 മെയ് മാസത്തോടെ ഇതിന്‍റെ ഭ്രമണം മൂന്നു മടങ്ങ് കുറഞ്ഞു. ഡിസംബറിൽ എടുത്ത ചിത്രങ്ങളിൽ ഇത് 14 മണിക്കൂറിൽ ഒരിക്കൽ മറുവശത്തേക്ക് ഭ്രമണം ചെയ്യുന്നുവെന്ന് കണ്ടെത്തി.
എന്നാൽ ഈ തരത്തിലുള്ള ഭ്രമണ മാറ്റം ധൂമകേതുവിന്‍റെ നാശത്തിലേക്ക് നയിക്കാമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഭ്രമണ വേഗം കൂടുന്നതോടെ കേന്ദ്രാതിഗുരുത്വബലം വർധിച്ച്, ഇതിനെ ഒരുമിച്ച് പിടിച്ചുനിർത്തുന്ന ഗുരുത്വാകർഷണത്തെ മറികടക്കാൻ സാധ്യതയുണ്ട്. ഇതോടെ ധൂമകേതു തകർന്നുപോകാനും ഇടയുണ്ട്. 2001 മുതൽ ഈ ധൂമകേതുവിന്‍റെ പ്രവർത്തനം പത്തു മടങ്ങ് കുറഞ്ഞിട്ടുണ്ട്. ഉപരിതലത്തിലെ ഐസ് കുറയുകയോ പൊടിക്കടിയിൽ മറഞ്ഞുപോകുകയോ ചെയ്‌തിരിക്കാം എന്നാണ് ഗവേഷകർ പറയുന്നത്. ഏകദേശം 1500 വർഷത്തോളമായി ഈ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഈ ധൂമകേതു ഇപ്പോൾ അതിന്‍റെ അവസാനഘട്ടത്തിലാണെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. വളരെ വേഗത്തിൽ ഇത് സ്വയം നശിക്കാമെന്നാണ് ഡേവിഡ് ജൂവിറ്റ് വ്യക്തമാക്കുന്നത്.