ആറ് ഉപാധികളാണ് ഹമാസ് മുന്നോട്ടുവെച്ചത്. (File Image)
World

സമാധാന ചര്‍ച്ചയില്‍ ഉപാധികള്‍വെച്ച് ഹമാസ്

ഇസ്രയേല്‍ സൈന്യം പൂര്‍ണമായും യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നത് ഉൾപ്പെടെ ആറ് ഉപാധികളാണ് ഹമാസ് മുന്നോട്ടുവെച്ചത്.

Safvana Jouhar

ഗാസ: ഗാസ യുദ്ധവിരാമം ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ മുന്‍നിര്‍ത്തി കെയ്‌റോയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ ഉപാധികള്‍വെച്ച് ഹമാസ്. ഇസ്രയേല്‍ സൈന്യം പൂര്‍ണമായും യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നത് ഉൾപ്പെടെ ആറ് ഉപാധികളാണ് ഹമാസ് മുന്നോട്ടുവെച്ചത്. ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ വേണം, നിയന്ത്രണങ്ങളില്ലാതെ സഹായം അനുവദിക്കണം, ജനങ്ങളെ ഗാസയിലേക്ക് തിരിച്ചെത്താന്‍ അനുവദിക്കണം, ഗാസയെ പുനര്‍നിര്‍മ്മിക്കണം, തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാര്‍ വേണം തുടങ്ങിയവയാണ് ഹമാസ് മുന്നോട്ടുവെച്ച മറ്റ് ഉപാധികള്‍. ഹമാസ് വക്താവ് ഫൗസി ബര്‍ഹൂമാണ് ആറിന ഉപാധികള്‍ മുന്നോട്ടുവെച്ചത്.

മുന്‍പ് സമാധാന ചര്‍ച്ചകളുടെ ഫലമായി വെടിനിര്‍ത്തലിന് അരികിലെത്തിയിരുന്നെന്നും എന്നാല്‍ നെതന്യാഹു അത് അട്ടിമറിച്ചിരുന്നുവെന്നും ഹമാസ് ആരോപിച്ചു. ഇത്തവണയും അതിന് സാധ്യതയുണ്ട്. അതിനാല്‍ ഐക്യരാഷ്ട്രസഭയും അമേരിക്കയും മറ്റ് മധ്യസ്ഥ രാജ്യങ്ങളും ഇടപെട്ട് അട്ടിമറി നീക്കത്തില്‍ നിന്ന് നെതന്യാഹുവിനെ തടയണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ രണ്ട് വര്‍ഷം പിന്നിടുകയാണ്. ഇതിനിടെയാണ് യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെയ്‌റോയില്‍ നിര്‍ണായക ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

സെപ്റ്റംബര്‍ 29ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് 20 നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ബന്ദികളെ ഹമാസ് മോചിപ്പിക്കണം, ഗാസയില്‍ ഹമാസ് അധികാരം ഒഴിയുകയും ആയുധം ഉപേക്ഷിക്കുകയും വേണം, പകരം തടവിലുള്ള പലസ്തീനികളെ ഇസ്രയേല്‍ വിട്ടയക്കും എന്നിവയായിരുന്നു പദ്ധതിയിലെ പ്രധാന വ്യവസ്ഥകള്‍. ഗാസയിലെ സഹായവിതരണം യു എന്‍, റെഡ് ക്രസന്റ് ഉള്‍പ്പെടെ ഏജന്‍സികള്‍ വഴി നടത്തുമെന്നും ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്മാറുമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. പലസ്തീന്‍ പ്രദേശങ്ങള്‍ താല്‍ക്കാലികമായി ഭരിക്കുന്നതിന് നോണ്‍-പൊളിറ്റിക്കല്‍ സമിതി രൂപീകരിക്കും. ഗാസ വിട്ടുപോകാന്‍ ആരെയും നിര്‍ബന്ധിക്കില്ല. എന്നാല്‍ പോകാന്‍ തീരുമാനിക്കുന്നവരെ അതിന് അനുവദിക്കുമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. മറുപടി നല്‍കാന്‍ ഹമാസിന് നാല് ദിവസത്തെ സാവകാശമായിരുന്നു ട്രംപ് നല്‍കിയത്. ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ ഹമാസ് പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല. ചില കാര്യങ്ങളില്‍ ഇനിയും ചര്‍ച്ച വേണമെന്നായിരുന്നു ഹമാസ് അറിയിച്ചത്.

SCROLL FOR NEXT