ലണ്ടൻ: ലണ്ടനിലെ ഡാറ്റാ സെന്ററിലുണ്ടായ അപ്രതീക്ഷിത വൈദ്യുതി തകരാറിനെ തുടർന്ന് യൂറോപ്പിലുടനീളം ഗൂഗിൾ ക്ലൗഡ് (Google Cloud) സേവനങ്ങൾ മണിക്കൂറുകളോളം നിലച്ചു. യുകെയിലെയും യൂറോപ്പിലെയും പ്രമുഖ ബാങ്കുകൾ, ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ, ഡെലിവറി സർവീസുകൾ, പ്രധാന വെബ്സൈറ്റുകൾ എന്നിവയുടെ പ്രവർത്തനം സ്തംഭിച്ചതോടെ ലക്ഷക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിലായി. ബ്രിട്ടനിലെ കോടതി നടപടികളുടെ തത്സമയ സ്ട്രീമിംഗിനെപ്പോലും തകരാർ ബാധിച്ചു.
ഗൂഗിൾ ക്ലൗഡിന്റെ 'europe-west2-b' സോണിലുണ്ടായ പവർ തകരാറാണ് വ്യാപക നെറ്റ്വർക്ക് പ്രശ്നങ്ങൾക്കും സെർവർ ഡൗണിനും കാരണമായതെന്ന് ടെക് ഭീമൻ അറിയിച്ചു. യുകെ സമയം രാവിലെ ആറ് മണിയോടെ ആരംഭിച്ച തടസ്സം ഉച്ചകഴിഞ്ഞും തുടർന്നു. പ്രമുഖ ഫിൻടെക് ബാങ്കിംഗ് സ്ഥാപനമായ റെവല്യൂട്ട് (Revolut), ബ്രിട്ടീഷ് ബാങ്കിംഗ് സ്ഥാപനമായ ഹാലിഫാക്സ് (Halifax) എന്നിവയുൾപ്പെടെയുള്ള ധനകാര്യ സേവനങ്ങളെ തകരാർ രൂക്ഷമായി ബാധിച്ചു. ഉപഭോക്താക്കളുടെ പണവും വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമാണെന്ന് റെവല്യൂട്ട് അറിയിച്ചു.
തകരാറിനെ തുടർന്ന് ഇ-ബൈക്ക് റെന്റൽ ആപ്പുകൾ, ബജറ്റിംഗ് ആപ്പുകൾ, റോയൽ മെയിൽ, കൊറിയർ കമ്പനിയായ ഡിപിഡി (DPD), മൈക്രോസോഫ്റ്റ് പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്കും പ്രവർത്തനതടസ്സം നേരിട്ടു. പ്രശസ്ത കൊമേഡിയൻ റസ്സൽ ബ്രാൻഡിന്റെ വിചാരണ ഉൾപ്പെടെയുള്ള നിർണ്ണായക കോടതി ലൈവ് സ്ട്രീമിംഗുകൾ ക്ലൗഡ് വീഡിയോ പ്ലാറ്റ്ഫോം (CVP) തകരാറിലായതിനെ തുടർന്ന് നിർത്തിവെക്കേണ്ടി വന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിച്ചതായും പൂർണ്ണ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കുമെന്നും ഗൂഗിൾ എഞ്ചിനീയറിംഗ് വിഭാഗം വ്യക്തമാക്കി.