പെർത്തിൽ ദീർഘകാലമായി താമസിച്ചിരുന്ന ബ്രിട്ടീഷ് പൗരനായ പോൾ ഡൂഗൻ ആണ് മരിച്ചത്.  (Supplied)
World

ബാലിയിൽ ആക്രമണം: പെർത്ത് സ്വദേശിയായ പിതാവ് മരിച്ചു; 4 ഓസീസുകാരെ ചോദ്യം ചെയ്ത് ഇന്തോനേഷ്യൻ പൊലീസ്

ഒരു സ്ത്രീയെ ഒരാൾ ആക്രമിക്കുന്നത് കണ്ടതിനെ തുടർന്ന് ഡൂഗൻ ഇടപെട്ടതായും പിന്നീട് ഒരു സംഘം ആളുകൾ അദ്ദേഹത്തെ ആക്രമിച്ചതായും മകൻ ലിയാം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

Safvana Jouhar

ബാലിയിൽ നടന്നതായി ആരോപിക്കപ്പെടുന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെർത്ത് സ്വദേശിയായ പിതാവ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് ഓസ്‌ട്രേലിയൻ പൗരന്മാരെ ഇന്തോനേഷ്യൻ പൊലീസ് ചോദ്യം ചെയ്യുകയാണ്. പെർത്തിൽ ദീർഘകാലമായി താമസിച്ചിരുന്ന ബ്രിട്ടീഷ് പൗരനായ പോൾ ഡൂഗൻ ആണ് മരിച്ചത്. ഓഗസ്റ്റ് 5ന് കുതയിലെ വൺ ട്രൈബ് ബാറിൽ വച്ചാണ് ആക്രമണമുണ്ടായതെന്നാണ് ആരോപണം. ഒരു സ്ത്രീയെ ഒരാൾ ആക്രമിക്കുന്നത് കണ്ടതിനെ തുടർന്ന് ഡൂഗൻ ഇടപെട്ടതായും പിന്നീട് ഒരു സംഘം ആളുകൾ അദ്ദേഹത്തെ ആക്രമിച്ചതായും മകൻ ലിയാം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

“പ്രശ്നം അന്വേഷിച്ച് പോകുന്ന തരത്തിലുള്ള ആളായിരുന്നില്ല അദ്ദേഹം. ‘നീ എന്താണ് പറഞ്ഞത്?’ എന്ന് ചോദിച്ച ഒരാൾ മറുപടിക്ക് കാത്തുനിൽക്കാതെ അദ്ദേഹത്തെ അടിക്കുകയായിരുന്നു,” കുടുംബസുഹൃത്ത് ഡേവിഡ് കഫ്ട്രി 9News-നോട് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ഡൂഗൻ ഹോട്ടലിലേക്ക് മടങ്ങിയെങ്കിലും പിന്നീട് ഓഗസ്റ്റ് 8ന് മുർണി ടെഗുഹ് ആശുപത്രിയിൽ ചികിത്സ തേടി. അടുത്ത ദിവസം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകൾ കണ്ടെത്തി. വാരിയെല്ലുകൾ ഒടിഞ്ഞതിനൊപ്പം ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നുവെന്നാണ് മകൻ ലിയാം നേരത്തെ വ്യക്തമാക്കിയിരുന്നത്. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡൂഗന് മൂന്ന് പ്രധാന ശസ്ത്രക്രിയകൾ നടത്തി. ഇതിൽ പ്ലീഹ നീക്കം ചെയ്യുന്നതും ഉൾപ്പെടുന്നു. നാല് തവണ രക്തം നൽകുകയും ശ്വാസകോശത്തിലും വയറിലും ഡ്രെയിനുകൾ സ്ഥാപിക്കുകയും ചെയ്തു. ഏകദേശം രണ്ടാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഡൂഗൻ ഓഗസ്റ്റ് 21ന് മരണമടഞ്ഞു. മരണകാരണം കണ്ടെത്തുന്നതിനായി വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്താനായിരുന്നു തീരുമാനം.

സംഭവവുമായി ബന്ധപ്പെട്ട് നാല് ഓസ്‌ട്രേലിയൻ പൗരന്മാരെ ചോദ്യം ചെയ്യുന്നതായി ഡെൻപസാർ സിറ്റി പൊലീസ് അറിയിച്ചു. നാല് പേരും ആക്രമണം നടന്നതിന് പിന്നാലെ അടുത്ത ദിവസം ഇന്തോനേഷ്യ വിട്ട് ഒരുമിച്ച് വിക്ടോറിയയിലെ അവലോണിലേക്ക് യാത്ര ചെയ്തതായാണ് പൊലീസിന്റെ കണ്ടെത്തൽ. ആക്രമണസമയത്ത് ഇവരുടെ പങ്ക് എന്തായിരുന്നു, അവർ എവിടെയായിരുന്നു, സംഭവത്തിന് മുമ്പും ശേഷവും എന്താണ് നടന്നത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഡൂഗന്റെ കുടുംബാംഗങ്ങൾ, ബാർ ജീവനക്കാർ, മറ്റ് സാക്ഷികൾ എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.

ഡൂഗന്റെ മരണദിവസം തന്നെയാണ് മകൻ ലിയാം കുട പൊലീസ് സ്റ്റേഷനിൽ ഔദ്യോഗിക പരാതി നൽകിയത്. ഡെൻപസാർ സിറ്റി പൊലീസ് മേധാവി സീനിയർ കമ്മീഷണർ ലിയനാർഡോ ഡേവിഡ് സിമതുപാങ്, സംഭവങ്ങളുടെ കൃത്യമായ ക്രമവും ഓരോ വ്യക്തിയുടെയും പങ്കും മരണകാരണമെന്താണെന്നും അന്വേഷണത്തിലൂടെ കണ്ടെത്തുമെന്ന് പറഞ്ഞു. “ഓരോരുത്തരുടെയും പങ്കും ഇരയുടെ മരണകാരണമടക്കമുള്ള സംഭവങ്ങളുടെ മുഴുവൻ ക്രമവും വ്യക്തമായി കണ്ടെത്തും. നിയമപരമായ നടപടികൾ നിയമാനുസൃതമായും പ്രൊഫഷണൽ രീതിയിലും മുന്നോട്ടുകൊണ്ടുപോകും,” അദ്ദേഹം പറഞ്ഞു.

അതേസമയം, പിതാവിന്റെ മരണവാർത്ത മകൻ ലിയാം സോഷ്യൽ മീഡിയയിലൂടെ ഹൃദയഭേദകമായ കുറിപ്പിലൂടെയാണ് പങ്കുവെച്ചത്. “ഇത് ഇങ്ങനെയാകേണ്ടിയിരുന്നില്ല ഡാഡ്. ജീവിതകാലം മുഴുവൻ ഞാൻ നിങ്ങളെ സ്നേഹിക്കുകയും ഓർക്കുകയും ചെയ്യും. നിങ്ങളെ അഭിമാനിപ്പിക്കുന്നത് ഞാൻ തുടരും,” ലിയാം കുറിച്ചു. ചികിത്സയ്ക്കായി കുടുംബം ഇതിനകം 71,000 ഓസ്‌ട്രേലിയൻ ഡോളറിലധികം ചെലവഴിച്ചിരുന്നതായും ലിയാം നേരത്തെ അറിയിച്ചിരുന്നു. ചികിത്സാ ചെലവുകൾ കണ്ടെത്തുന്നതിനായി ആരംഭിച്ച ഓൺലൈൻ ധനസമാഹരണത്തിലൂടെ 33,000 ഓസ്‌ട്രേലിയൻ ഡോളറിലധികം ലഭിച്ചു. സംഭവത്തിൽ ആരുടെയെങ്കിലും ക്രിമിനൽ ഉത്തരവാദിത്തം നിലവിലുണ്ടോയെന്നും ഡൂഗന്റെ മരണത്തിന് കൃത്യമായ കാരണം എന്താണെന്നും ഇന്തോനേഷ്യൻ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്.

SCROLL FOR NEXT