ഓട്ടിസം ബാധിതനായ മകന് വിമാനയാത്രയോടുള്ള കടുത്ത ഭയം പെട്ടെന്ന് വർധിച്ചതിനെത്തുടർന്ന് വിദേശത്ത് കുടുങ്ങിയ ഓസ്‌ട്രേലിയൻ കുടുംബം ഒടുവിൽ സിഡ്‌നിയിലെത്തി. ബ്രാഡും മെൽ ജെയിംസും മൂന്ന് മക്കളോടൊപ്പം കഴിഞ്ഞ മാസമാണ് മകൻ റയാന്റെ 18-ാം ജന്മദിനം ആഘോഷിക്കാൻ ജപ്പാനിലെ ടോക്കിയോ ഡിസ്നിലാൻഡിലേക്ക് യാത്ര തിരിച്ചത്. എന്നാൽ ഓട്ടിസത്തിനൊപ്പം അപൂർവമായ നാഡീസംബന്ധമായ രോഗവുമുള്ള റയാന് വിമാനത്തിൽ കയറാൻ കഴിയാതെ വന്നതോടെ യാത്ര തുടരാനാകാത്ത സാഹചര്യമുണ്ടായി. തുടർന്ന് മറ്റ് രണ്ട് മക്കളെ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചയച്ച ബ്രാഡും മെലും റയാനൊപ്പം രണ്ടാഴ്ചയിലേറെ ടോക്കിയോയിലെ ഹോട്ടലിൽ കഴിയുകയായിരുന്നു. റയാനെ മയക്കുമരുന്ന് നൽകി മയക്കിയശേഷം ഡോക്ടറുടെ സാന്നിധ്യത്തിൽ പ്രത്യേക മെഡിക്കൽ വിമാനത്തിൽ നാട്ടിലെത്തിക്കേണ്ടിവരുമെന്നാണ് കുടുംബത്തെ അറിയിച്ചത്.
ഞായറാഴ്ച ടോക്കിയോയിലെ ആശുപത്രിയിൽ റയാനെ ഇൻട്യൂബേറ്റ് ചെയ്തു. തുടർന്ന് കെയർഫ്ലൈറ്റ് മെഡിക്കൽ വിമാനത്തിൽ മാതാപിതാക്കൾക്കൊപ്പം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നു. ഗുവാം, കെയ്‌ൻസ് വഴിയായിരുന്നു യാത്ര. ചൊവ്വാഴ്ച രാവിലെ സിഡ്‌നിയിലെത്തിയ കുടുംബത്തെ സ്വീകരിച്ചു. റയാനെ ഉടൻ തന്നെ വെസ്റ്റ്‌മീഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രത്യേക മെഡിക്കൽ യാത്രാസൗകര്യം, താമസം, ദൈനംദിന ചെലവുകൾ എന്നിവയ്ക്കായി കുടുംബത്തെ സഹായിക്കുന്നതിന് ജാനെൽ ഗൗൾഡിങ് എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഓൺലൈൻ ധനസമാഹരണം ആരംഭിച്ചിരുന്നു. 2,400-ലധികം പേരിൽനിന്നായി 200,645 ഓസ്‌ട്രേലിയൻ ഡോളറാണ് ഇതിലൂടെ ലഭിച്ചത്.
റയാന് മിക്കി മൗസിനോട് വലിയ ഇഷ്ടമാണെന്നും ടോക്കിയോയിലെ ഡിസ്നി തീം പാർക്ക് സന്ദർശിക്കുക എന്നത് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നെന്നും ബ്രാഡും മെലും കഴിഞ്ഞ ആഴ്ച എ കറന്റ് അഫയറിനോട് പറഞ്ഞിരുന്നു. “അവന്റെ 18-ാം ജന്മദിനത്തിന് എന്തെങ്കിലും പ്രത്യേകമായി നൽകണമെന്നു മാത്രമായിരുന്നു ഞങ്ങളുടെ ആഗ്രഹം,” മെൽ പറഞ്ഞു. ഓട്ടിസമുള്ള കുട്ടിയായതിനാൽ മറ്റുള്ളവരെപ്പോലെ കാർ വാങ്ങിക്കൊടുക്കാനോ ആഘോഷപൂർവമായ 18-ാം ജന്മദിന പാർട്ടി നടത്താനോ കഴിയില്ലെന്നും മിക്കി മൗസിനോടുള്ള അവന്റെ ഇഷ്ടമാണ് ടോക്കിയോയിലേക്ക് കൊണ്ടുപോകാൻ തനിക്ക് പ്രചോദനമായതെന്നും അവർ വ്യക്തമാക്കി.