കാഠ്മണ്ഡു: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകാൻ വൈദ്യുതി മുൻ ചെയർമാൻ കുൽമാൻ ഗിസിംഗിനെ പരിഗണിക്കുമെന്ന് സൂചന. രാജ്യത്തെ തീവ്രമായ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചതിൽ നിർണായക പങ്കുവഹിച്ചയാളായ കുൽമാൻ ഗിസിങ്ങിന്റെ പേര് നിർദ്ദേശിച്ചത് ജെൻ സി പ്രക്ഷോഭകരാണ്.
കുൽമാൻ ഗിസിംഗ് ഉൾപ്പടെ മൂന്ന് പേരുകളാണ് നേപ്പാളിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കായി ജെൻ സി പ്രക്ഷോഭകർ മുന്നോട്ടുവെച്ചിരുന്നത്. മുൻ ചീഫ് ജസ്റ്റിസ് സുഷീലകർകി, കാഠ്മണ്ഡു മേയർ ബലേന്ദ്ര ഷാ എന്നിവരായിരുന്നു മറ്റു രണ്ടുപേർ. ഇതിനിടെ ഇടക്കാല നേതാവാകണമെന്ന പ്രക്ഷോഭകാരികളുടെ നിർദ്ദേശം അംഗീകരിക്കുന്നതായി സുശീല കർക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. 2016 ജൂൺ മുതൽ 2017 ജൂലൈ വരെ സുശീല കർക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെ നടന്ന വെർച്വൽ മീറ്റിങിൽ 50,000ത്തിലധികം ആളുകളുടെ പിന്തുണയാണ് സുശീല കർക്കിക്ക് ലഭിച്ചത്.
അതേസമയം നേപ്പാളിൽ ഇന്ന് വീണ്ടും വെടിവെപ്പുണ്ടായി. രാംചപ് ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെടുന്നതിനിയിലാണ് സൈന്യം വെടിവെപ്പ് നടത്തിയത്. നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ വെടിവെപ്പാണ് നടന്നത്. നിലവിൽ നേപ്പാളിൽ പ്രക്ഷോഭം തുടങ്ങിയത് മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി ഉയർന്നു.