പാരിസ്: യൂറോപ്പിലുടനീളം റഷ്യയുടെ ‘ഷാഡോ ഓപ്പറേഷൻ’ ഭീഷണി വർധിച്ചുവരുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. റഷ്യയുടെ ഹൈബ്രിഡ് ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ നിർണായക അടിസ്ഥാനസൗകര്യങ്ങളും പ്രതിരോധ-സാങ്കേതിക മേഖലകളിലെ പ്രധാന സ്ഥാപനങ്ങളും സംരക്ഷിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കാൻ സർക്കാരിന് നിർദേശം നൽകിയതായി മാക്രോൺ അറിയിച്ചു. ഫ്രാൻസിലെ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയുള്ളവരുമായും എലിസി പാലസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മാക്രോണിന്റെ പ്രതികരണം. രാജ്യത്തിന്റെ നിലവിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിലയിരുത്തലുകളും യോഗത്തിൽ വിശദീകരിച്ചു.
ഫ്രാൻസിന്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ DGSE മേധാവി നിക്കോളാസ് ലെർണറും ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ DGSI മേധാവി സെലിൻ ബെർത്തണും യോഗത്തിൽ പങ്കെടുത്തു. റഷ്യയുടെ ‘ഹൈബ്രിഡ് ഭീഷണി’ യൂറോപ്യൻ രാജ്യങ്ങൾക്കും ഫ്രാൻസിനുമെതിരെ ശക്തിപ്പെട്ടതായി മാക്രോൺ പറഞ്ഞു. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾ റഷ്യയുമായി ബന്ധമുള്ളതായി കരുതുന്ന ഇത്തരം ആക്രമണങ്ങളെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഡ്രോൺ ആക്രമണങ്ങൾ, സെൻസിറ്റീവ് കേന്ദ്രങ്ങൾക്ക് സമീപമുള്ള ഡ്രോൺ സാന്നിധ്യം, വ്യോമാതിർത്തി ലംഘനം, സൈബർ ആക്രമണങ്ങൾ തുടങ്ങിയവ തുറന്ന യുദ്ധത്തിന്റെ പരിധിക്ക് താഴെയുള്ള ഇത്തരം നീക്കങ്ങളിൽ ഉൾപ്പെടുന്നു.
നിർണായക കേന്ദ്രങ്ങൾക്ക് കൂടുതൽ സുരക്ഷ
ഡ്രോൺ, സൈബർ ആക്രമണങ്ങളിൽ നിന്ന് ഫ്രാൻസിന്റെ നിർണായക അടിസ്ഥാനസൗകര്യങ്ങളും ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ വ്യവസായ-സാങ്കേതിക കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ സർക്കാരിന് നിർദേശം നൽകിയതായി മാക്രോൺ പറഞ്ഞു. അതേസമയം, റഷ്യയുടെ ഇത്തരം നീക്കങ്ങൾ ഫ്രാൻസിനെ യുക്രെയ്‌നിനുള്ള പിന്തുണയിൽ നിന്ന് പിന്തിരിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് മണ്ണിൽ റഷ്യ നടത്തുന്ന ‘ഷാഡോ ആക്രമണങ്ങൾക്ക്’ മറുപടി നൽകുമെന്നും മാക്രോൺ മുന്നറിയിപ്പ് നൽകി. “ഇതിന് മറുപടി ലഭിക്കാതിരിക്കില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ എന്തുതരത്തിലുള്ള നടപടിയായിരിക്കും സ്വീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
യുക്രെയ്‌നിനെ പിന്തുണയ്ക്കാനുള്ള യൂറോപ്യൻ ശ്രമങ്ങളെ ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്തുകയാണ് ഇത്തരം നീക്കങ്ങളുടെ ലക്ഷ്യമെന്നും, എന്നാൽ അതിന്റെ ഫലം മറിച്ചായിരിക്കുമെന്നും മാക്രോൺ പറഞ്ഞു. യുക്രെയ്‌നിലെ സംഭവവികാസങ്ങൾ ഫ്രാൻസിന്റെ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം ജർമനിയിലെ ലീപ്‌സിഗ് വിമാനത്താവളത്തിലുണ്ടായ ഡ്രോൺ സംഭവത്തിന് റഷ്യയെ ജർമനി കുറ്റപ്പെടുത്തിയിരുന്നു. യൂറോപ്യൻ യൂണിയനും സംഭവത്തിന് സർക്കാർ പിന്തുണയുള്ള ഭീകരപ്രവർത്തനത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, ഫ്രാൻസിലെ നോർമണ്ടി മേഖലയിൽ 186 യാത്രക്കാരുമായി സഞ്ചരിച്ച ട്രെയിൻ പാളം തെറ്റി 44 പേർക്ക് പരിക്കേറ്റ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 300 കിലോഗ്രാം ഭാരമുള്ള റെയിൽ ഭാഗം പാളത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ അട്ടിമറി സാധ്യത ചില രാഷ്ട്രീയ നേതാക്കളും പൊലീസ് വൃത്തങ്ങളും ഉന്നയിച്ചെങ്കിലും, ഫ്രഞ്ച് അധികൃതർ വിഷയത്തിൽ ജാഗ്രതയോടെ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി.