ഇലോൺ മസ്ക് Elon Musk
World

ചരിത്രത്തിലാദ്യമായി ഒരു ട്രില്യണയർ; സ്പേസ് എക്സ് ഓഹരി വിപണിയിലെത്തിയതോടെ റെക്കോർഡിട്ട് എലോൺ മസ്ക്

മെറ്റാ (Meta), ബ്രോഡ്കോം തുടങ്ങിയ വമ്പന്മാരെ പിന്നിലാക്കി വാൾസ്ട്രീറ്റിലെ ഏറ്റവും മൂല്യമുള്ള ആദ്യ 10 കമ്പനികളുടെ പട്ടികയിൽ സ്പേസ് എക്സ് ഇടംപിടിക്കുകയും ചെയ്തു.

Elizabath Joseph

ന്യൂയോർക്ക്: എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ 'സ്പേസ് എക്സ്' യുഎസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില കുതിച്ചുയർന്നതോടെ എലോൺ മസ്ക് ലോകത്തിലെ ആദ്യത്തെ ട്രില്യണയർ (Trillionaire - ഒരു ലക്ഷം കോടി ഡോളർ സമ്പത്തുള്ളയാൾ) പദവി സ്വന്തമാക്കി. നാസ്ഡാക് (Nasdaq) ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത സ്പേസ് എക്സിന്റെ ഓഹരികൾ വ്യാപാരം തുടങ്ങി നിമിഷങ്ങൾക്കകം 20 ശതമാനം വരെ വർദ്ധിച്ച് 164 ഡോളറിലെത്തി. ഇതോടെ കമ്പനിയുടെ ആകെ മൂല്യം ഏകദേശം 1.96 ട്രില്യൺ ഡോളറായി ഉയർന്നു. മെറ്റാ (Meta), ബ്രോഡ്കോം തുടങ്ങിയ വമ്പന്മാരെ പിന്നിലാക്കി വാൾസ്ട്രീറ്റിലെ ഏറ്റവും മൂല്യമുള്ള ആദ്യ 10 കമ്പനികളുടെ പട്ടികയിൽ സ്പേസ് എക്സ് ഇടംപിടിക്കുകയും ചെയ്തു.

ആഗോള സാമ്പത്തിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐ.പി.ഒ (Initial Public Offering - പൊതു ഓഹരി വിപണനം) ആണ് സ്പേസ് എക്സ് നടത്തിയത്. ടെക്സാസിലെ സ്റ്റാർബേസിൽ നടന്ന ചടങ്ങിൽ സംസാരിച്ച എലോൺ മസ്ക്, മനുഷ്യരാശിയെ ചൊവ്വയിലേക്കും ചന്ദ്രനിലേക്കും എത്തിക്കുക എന്ന ലക്ഷ്യം തങ്ങൾ ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. വെറുമൊരു വെയർഹൗസിൽ ആരംഭിച്ച ഒരു ചെറിയ കമ്പനി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഐ.പി.ഒ ആയി മാറിയത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മസ്ക് വികാരാധീനനായി പറഞ്ഞു. മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ xAI, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'X' (ട്വിറ്റർ), സാറ്റലൈറ്റ് ശൃംഖലയായ സ്റ്റാർലിങ്ക് എന്നിവയെല്ലാം ചേർത്താണ് സ്പേസ് എക്സ് വിപണിയിൽ എത്തിയിരിക്കുന്നത്. വരും മാസങ്ങളിൽ ഓപ്പൺ എഐ (OpenAI), ആന്ത്രോപിക് (Anthropic) എന്നീ എഐ ഭീമന്മാരും യുഎസ് വിപണിയിൽ ലിസ്റ്റ് ചെയ്യാനിരിക്കുകയാണ്.

SCROLL FOR NEXT