വാഷിംഗ്ടൺ: കഴിഞ്ഞ ജൂണിൽ വൈറ്റ് ഹൗസ് പുൽത്തകിടിയിൽ നടന്ന യുഎഫ്സി കായിക മാമാങ്കത്തിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ എട്ട് യുവാക്കൾക്കെതിരെ ഭീകരവാദക്കുറ്റവും കൊലപാതക ശ്രമവും ചുമത്തി. ഒഹായോ ഫെഡറൽ ഗ്രാൻഡ് ജൂറിക്ക് മുൻപിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് അബ്രഹാം അൽവാരസ്, ഡാനിയൽ എസ്‌ക്രിഡ്ജ് ഉൾപ്പെടെയുള്ള എട്ടംഗ സംഘത്തിനെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഗുരുതരമായ തീവ്രവാദക്കുറ്റങ്ങൾ ചുമത്തിയത്. ഡൊണാൾഡ് ട്രംപിന് പുറമെ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, ശതകോടീശ്വരൻ ഇലോൺ മസ്‌ക്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരെയും വധിക്കാൻ ഈ സംഘം ലക്ഷ്യമിട്ടിരുന്നതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ഫോണിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുകൾ പറത്തിവിട്ട് വേദിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ശേഷം ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കാനായിരുന്നു 19-നും 32-നും ഇടയിൽ പ്രായമുള്ള ഈ സംഘത്തിന്റെ പദ്ധതി. ഇതിനായി മെയ് മാസം മുതൽ തന്നെ ഇവർ വൻതോതിൽ പണം, തോക്കുകൾ, വെടിയുണ്ടകൾ, ബോഡി ആർമറുകൾ, നൈറ്റ് വിഷൻ ഗോഗിളുകൾ എന്നിവ ശേഖരിക്കുകയും 3D പ്രിന്ററുകൾ ഉപയോഗിച്ച് ഡ്രോൺ ഫ്രെയിമുകൾ നിർമ്മിക്കുകയും ചെയ്തു. സിഗ്നൽ, ഡിസ്‌കോർഡ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകൾ വഴി 'വാൻഗാർഡ് ഓഫ് ദി ഓൾഡ്' എന്ന ഗ്രൂപ്പുണ്ടാക്കിയാണ് ഇവർ ആശയവിനിമയം നടത്തിയത്. സുരക്ഷാ ജീവനക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയും വധിക്കാൻ തയ്യാറുള്ളവർക്കായി പ്രത്യേക റാങ്കിംഗ് സംവിധാനവും ഇവർ അക്കൗണ്ടുകളിൽ സൂക്ഷിച്ചിരുന്നു.
ജൂൺ 14-ന് ട്രംപിന്റെ 80-ാം ജന്മദിനത്തിൽ നടന്ന യുഎഫ്സി പരിപാടിക്ക് നാല് ദിവസം മുൻപ്, പ്രതികളിലൊരാളായ ടൈസെൻ പ്രോപ്പർ എന്ന 19-കാരന്റെ മാതാവ് നൽകിയ നിർണ്ണായക വിവരമാണ് വൻ ദുരന്തം ഒഴിവാക്കിയത്. മകൻ ഓൺലൈനിലൂടെ പരിചയപ്പെട്ട തീവ്ര ചിന്താഗതിക്കാരുമായി ചേർന്ന് വലിയ തോതിൽ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ ആശങ്ക പൂണ്ടാണ് മാതാവ് പോലീസിനെ വിളിച്ചത്. സർക്കാർ വിരുദ്ധ വികാരവും കടുത്ത അന്ധവിശ്വാസങ്ങളും വെച്ചുപുലർത്തിയ ഈ സംഘം യുഎസ് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ആക്രമണത്തിന് മുതിർന്നതെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ സ്ഥിരീകരിച്ചു. കേസിൽ വെസ്റ്റ് വെർജീനിയയിൽ നിന്നും സ്നൈപ്പറായി നിയോഗിക്കപ്പെട്ട എട്ടാമൻ ചാൻഡലർ സ്കാഗ്സ് കൂടി അറസ്റ്റിലായതോടെ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം