വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ (Strait of Hormuz) യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പുതിയ ഭൂപ്രദേശമായി ചിത്രീകരിക്കുന്ന ഭൂപടം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വീണ്ടും പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന വാദത്തിൽ യുഎസും ഇറാനും ഉറച്ചുനിൽക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രകോപനപരമായ പോസ്റ്റ്. മേഖലയിൽ ഇരുരാജ്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന സൈനിക ഉപരോധം കാരണം നൂറിലധികം ചരക്കുകപ്പലുകൾ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്.
യാത്രാനുമതി ലഭിക്കാതെ ആഴ്ചകളായി കടലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ നാവികർ കടുത്ത ശാരീരിക-മാനസിക പ്രതിസന്ധിയിലാണ്. കപ്പലുകളിലെ അവശ്യസാധനങ്ങളും ഇന്ധനവും തീർന്നുപോകുന്നതും ആക്രമണ ഭീഷണിയും സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കുന്നു. അതിനിടെ, ഹോർമുസിലൂടെ താൽക്കാലിക കപ്പൽപാത അനുവദിക്കുന്നത് സംബന്ധിച്ച് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിച്ചു. ഇറാനുമായി സഹകരിച്ചാൽ ഒമാനെതിരെ വ്യോമാക്രമണം നടത്തുമെന്ന ട്രംപിന്റെ മുൻ ഭീഷണി ചർച്ചകളെ ബാധിച്ചിരുന്നെങ്കിലും, ഗൾഫ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.