ക്വാഡ് നേതാക്കൾ  (AP: Mark Schiefelbein)
World

ട്രംപ്-അൽബനീസി കൂടിക്കാഴ്ച: ചൈനയുടെ സ്വാധീനം കുറയ്ക്കാൻ പ്രതിരോധ-സാങ്കേതിക കരാറുകളുമായി ക്വാഡ്

മനിലയിൽ നടന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിക്കൊപ്പം സംസാരിക്കവെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.

Safvana Jouhar

ഡൊണാൾഡ് ട്രംപ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി പുതിയ പ്രതിരോധ-സാങ്കേതിക സഹകരണ കരാറുകൾ പ്രഖ്യാപിച്ചു. മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നിർണായക ധാതുക്കളുടെ വിതരണ ശൃംഖലയിൽ ചൈനയ്ക്കുള്ള സ്വാധീനം കുറയ്ക്കുന്നതിനുമാണ് നീക്കം. മനിലയിൽ നടന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിക്കൊപ്പം സംസാരിക്കവെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചി എന്നിവരും യോഗത്തിൽ പങ്കെടുത്തു. രണ്ട് വർഷത്തിനുശേഷമാണ് ക്വാഡ് ചർച്ചകൾ വീണ്ടും നേതൃതലത്തിൽ നടന്നത്. വൈറ്റ് ഹൗസിലേക്ക് ട്രംപ് തിരിച്ചെത്തിയതിനുശേഷമുള്ള ആദ്യ ക്വാഡ് നേതൃയോഗം കൂടിയാണിത്.

മേഖലയിലെ സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി നാവിക പട്രോൾ വിമാനങ്ങൾ ഉൾപ്പെടുന്ന സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് ട്രംപ് അറിയിച്ചു. അന്തർവാഹിനികളുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയുമായുള്ള അമേരിക്കയുടെ സഹകരണത്തെ പരാമർശിച്ച ട്രംപ്, മികച്ച അന്തർവാഹിനികൾ നിർമിക്കുന്നതിൽ അമേരിക്ക മുന്നിലാണെന്നും ഓസ്‌ട്രേലിയയുമായും മറ്റ് രാജ്യങ്ങളുമായും സഹകരിക്കുന്നുണ്ടെന്നും പറഞ്ഞു. ഓക്കസ് കരാറിനെയാണ് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചത്.

Donald Trump, Anthony Albanese, Japan PM Sanae Takaichi, and India PM Modi.

നിർണായക ധാതുക്കളിൽ പുതിയ കരാറുകൾ

നിർണായക ധാതുക്കളുടെ വിതരണ ശൃംഖല സുരക്ഷിതമാക്കുന്നതിനായി നിരവധി പുതിയ കരാറുകളിൽ ധാരണയായതായി ട്രംപ് വ്യക്തമാക്കി. ഏതെങ്കിലും ഒരു വിദേശ വിതരണക്കാരനെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും നിരവധി നിർണായക ധാതുക്കളുടെയും അപൂർവ മൂലകങ്ങളുടെയും സംസ്കരണ മേഖലയിൽ ചൈനയ്ക്കാണ് ആധിപത്യം. അടുത്ത 12 മാസത്തിനുള്ളിൽ കൂടുതൽ സുപ്രധാന കരാറുകൾ ഉണ്ടാകുമെന്നും ട്രംപ് സൂചിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ സഹകരണവും യോഗത്തിൽ ചർച്ചയായി. ഇൻഡോ-പസഫിക് മേഖലയിലെ വിശ്വസ്ത പങ്കാളികൾക്ക് സാങ്കേതികവിദ്യയുടെ ലഭ്യത വർധിപ്പിക്കാൻ 85 മില്യൺ യുഎസ് ഡോളറിലധികം ചെലവഴിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു.

ക്വാഡ് സഹകരണത്തെ പ്രശംസിച്ച് അൽബനീസി

ക്വാഡ് രാജ്യങ്ങൾ തമ്മിലുള്ള പ്രായോഗിക സഹകരണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനെ അൽബനീസി സ്വാഗതം ചെയ്തു. നിർണായക ധാതുക്കൾ, എഐ, സമുദ്രസുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. നാല് രാജ്യങ്ങളുടെയും കൂട്ടായ ശക്തി ഓരോ രാജ്യത്തിന്റെയും വ്യക്തിഗത ശേഷികളുടെ ആകെത്തുകയേക്കാൾ വലുതാണെന്നും അൽബനീസി അഭിപ്രായപ്പെട്ടു. 2027ൽ ആദ്യ ക്വാഡ് ബിസിനസ് ലീഡേഴ്‌സ് ഫോറം സംഘടിപ്പിക്കാനുള്ള പദ്ധതിക്കും അദ്ദേഹം പിന്തുണ അറിയിച്ചു. സർക്കാർ തലത്തിലുള്ള കരാറുകളെ സാമ്പത്തിക വളർച്ചയിലേക്ക് മാറ്റുന്നതിൽ സ്വകാര്യ കമ്പനികൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഡോ-പസഫിക് മേഖലയിലെ വിശ്വസ്ത പങ്കാളിത്തമാണ് ക്വാഡെന്ന് നരേന്ദ്ര മോദി വിശേഷിപ്പിച്ചു. സമുദ്രസുരക്ഷ, സാമ്പത്തിക സുരക്ഷ, ഊർജം, നിർണായകവും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ രാജ്യങ്ങളുടെ സ്വയംനിർണയ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ക്വാഡ് സഹായിക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയും പറഞ്ഞു. ക്വാഡ് യോഗത്തിനുശേഷം ട്രംപിന് മേഖലയിലെ മറ്റ് നേതാക്കളുമായും കൂടിക്കാഴ്ചകളുണ്ട്. ബുധനാഴ്ച അൽബനീസി ചൈനയിലേക്ക് യാത്ര തിരിക്കും. ഷെൻഷെനിൽ നടക്കുന്ന എപെക് ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വെള്ളിയാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT