അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്  
World

സമാധാന നൊബേൽ: പട്ടികയിൽ ഡൊണാൾഡ് ട്രംപും; 287 സ്ഥാനാർഥികളുമായി നൊബേൽ കമ്മിറ്റി

നിലവിൽ 208 വ്യക്തികളും 79 സംഘടനകളും ഉൾപ്പെടെ 287 സ്ഥാനാർഥികളാണ് കമ്മിറ്റിയുടെ പരിഗണനയിലുള്ളതെന്ന് സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർവികെൻ വ്യക്തമാക്കി.

Elizabath Joseph

ഓസ്ലോ: ആഗോളതലത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സമാധാന നൊബേൽ പുരസ്കാരത്തിനായുള്ള നാമനിർദേശ പട്ടികയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടതായി റിപ്പോർട്ട്. ഇസ്രയേൽ, പാക്കിസ്ഥാൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളാണ് ട്രംപിനെ പുരസ്കാരത്തിനായി നാമനിർദേശം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഈ റിപ്പോർട്ടുകളോട് ഔദ്യോഗികമായി പ്രതികരിക്കാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി തയ്യാറായിട്ടില്ല.

നിലവിൽ 208 വ്യക്തികളും 79 സംഘടനകളും ഉൾപ്പെടെ 287 സ്ഥാനാർഥികളാണ് കമ്മിറ്റിയുടെ പരിഗണനയിലുള്ളതെന്ന് സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർവികെൻ വ്യക്തമാക്കി. നാമനിർദേശം ചെയ്യപ്പെട്ടവരുടെ വിവരങ്ങൾ 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കണമെന്നാണ് നൊബേൽ ഫൗണ്ടേഷന്റെ ചട്ടമെങ്കിലും, ചില നാമനിർദേശകർ തങ്ങൾ നിർദേശിച്ച പേരുകൾ സ്വമേധയാ വെളിപ്പെടുത്താറുണ്ട്. ട്രംപിനെ കൂടാതെ യുഎസ് സെനറ്റർ ലിസ മുർകോവ്സ്കി, ആജ ചെംനിത്സ് തുടങ്ങിയവരും പട്ടികയിലുണ്ടെന്ന് സൂചനകളുണ്ട്.

അബ്രഹാം ഉടമ്പടി ഉൾപ്പെടെയുള്ള സമാധാന നീക്കങ്ങളാണ് ട്രംപിനെ നിർദേശിച്ചവർ ചൂണ്ടിക്കാട്ടുന്നത്. ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സമാധാന പുരസ്കാര ജേതാവിനെ ഒക്ടോബറിലാകും പ്രഖ്യാപിക്കുക. അന്തിമ പട്ടിക തയ്യാറാക്കുന്നതിനായുള്ള ചർച്ചകളുമായി നൊബേൽ കമ്മിറ്റി മുന്നോട്ട് പോവുകയാണ്.

SCROLL FOR NEXT