Photo of Donald Trump 
World

നെതന്യാഹുവിനെതിരെ ഫോണിൽ പൊട്ടിത്തെറിച്ച് ട്രംപ്; ബെയ്റൂട്ട് ആക്രമണത്തിൽ നിന്ന് ഇസ്രായേൽ പിന്മാറി

നെതന്യാഹുവിന് നന്ദികേടാണെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, ഇസ്രായേലിന്റെ നിലപാടുകൾ ലോകത്തിന് മുന്നിൽ അവരെ കൂടുതൽ ഒറ്റപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.

Elizabath Joseph

വാഷിംഗ്ടൺ: ലെബനനിലെ ഇസ്രായേലിന്റെ സൈനിക അധിനിവേശം മധ്യേഷ്യൻ സമാധാന ചർച്ചകളെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ഫോണിൽ കടുത്ത ഭാഷയിൽ പൊട്ടിത്തെറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നെതന്യാഹുവിന് നന്ദികേടാണെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, ഇസ്രായേലിന്റെ നിലപാടുകൾ ലോകത്തിന് മുന്നിൽ അവരെ കൂടുതൽ ഒറ്റപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കൻ മാധ്യമമായ 'ആക്സിയോസ്' (Axios) ആണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്.

നെതന്യാഹുവിന്റെ അഴിമതിക്കേസ് വിചാരണാവേളയിൽ താൻ നൽകിയ പിന്തുണയാണ് ഇയാളെ ജയിലിൽ പോകുന്നതിൽ നിന്ന് രക്ഷിച്ചതെന്ന് ട്രംപ് സംഭാഷണത്തിനിടെ ഓർമ്മിപ്പിച്ചു. "ഞാൻ കാരണമാണ് നീ ജയിലിൽ പോകാതിരുന്നത്. ഞാൻ നിന്നെ രക്ഷിക്കുകയാണ്. എന്നാൽ ഇപ്പോൾ എല്ലാവരും നിന്നെയും ഇസ്രായേലിനെയും വെറുക്കുന്നു," എന്ന് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലെബനനിലെ ഹിസ്ബുള്ള ഭീകരർക്കെതിരെ ഇസ്രായേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ട്രംപ് മുൻപ് അംഗീകരിച്ചിരുന്നെങ്കിലും, ഒരു ഹിസ്ബുള്ള കമാൻഡറെ വധിക്കാൻ വേണ്ടി സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന കെട്ടിടങ്ങൾ മുഴുവൻ തകർക്കുന്ന ഇസ്രായേലിന്റെ നിലപാടിനോട് ട്രംപ് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.

കടുത്ത തർക്കത്തിനൊടുവിൽ ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണം നടത്താനുള്ള പദ്ധതിയിൽ നിന്ന് ഇസ്രായേൽ പിന്മാറിയതായി യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. നെതന്യാഹുവുമായുള്ള ചർച്ച വിജയകരമായിരുന്നുവെന്നും ലബനനിലേക്ക് ഇസ്രായേൽ സൈന്യത്തെ അയക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' (Truth Social) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. കൂടാതെ ഹിസ്ബുള്ള പ്രതിനിധികളുമായി സംസാരിച്ചെന്നും ഇരുവിഭാഗവും പരസ്പരം ആക്രമിക്കുന്നത് നിർത്താൻ സമ്മതിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ, ഹിസ്ബുള്ള ആക്രമണം നിർത്തിയില്ലെങ്കിൽ ബെയ്റൂട്ട് ആക്രമിക്കുമെന്ന മുന്നറിയിപ്പാണ് താൻ ട്രംപിന് നൽകിയതെന്നും തെക്കൻ ലെബനനിലെ സൈനിക നീക്കങ്ങൾ തുടരുമെന്നുമാണ് നെതന്യാഹു പ്രതികരിച്ചത്.

SCROLL FOR NEXT