World

വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്

എയർ ലൈനുകൾ, പൈലറ്റുമാർ, ഡ്രഗ് ഡീലേഴ്‌സ്, യാത്രക്കാർ എന്നിവരെ അഭിസംബോധന ചെയ്താണ് വ്യോമാതിർത്തി അടച്ചിടുമെന്ന് ട്രംപ് അറിയിച്ചത്.

Safvana Jouhar

വാഷിംഗ്ടൺ: വെനസ്വേലക്കെതിരെ നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ് അറിയിച്ചു. എയർ ലൈനുകൾ, പൈലറ്റുമാർ, ഡ്രഗ് ഡീലേഴ്‌സ്, യാത്രക്കാർ എന്നിവരെ അഭിസംബോധന ചെയ്താണ് വ്യോമാതിർത്തി അടച്ചിടുമെന്ന് ട്രംപ് അറിയിച്ചത്. വെനസ്വേലയിലെ മയക്കുമരുന്ന് കടത്ത് തടയാനുള്ള ശ്രമങ്ങൾ അതിവേഗത്തിൽ ആരംഭിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നിർണായക നീക്കം. എന്നാൽ വിഷയത്തിൽ വെനസ്വേല ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കരീബിയൻ കടലിൽ വെനസ്വേലൻ ബോട്ടുകൾ അമേരിക്കൻ നാവികസേന അടുത്തിടെ ആക്രമിച്ചിരുന്നു. പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെയാണ് ട്രംപ് വ്യോമാതിർത്തി അടയ്ക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വരുന്നത്. വെനസ്വേലൻ സർക്കാരിനെതിരായ നീക്കത്തിന് സിഐഎയ്ക്ക് ട്രംപ് അനുമതി നൽകിയിട്ടുണ്ട്. മയക്കുമരുന്ന് തടയാനെന്ന പേരിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിനെ താഴെയിറക്കാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. മയക്കുമരുന്ന് കടത്തിനെ പിന്തുണയ്ക്കുകയും മയക്കുമരുന്ന് സംഘങ്ങളുമായി ഒത്തുകളിക്കുകയും ചെയ്യുന്നുവെന്നാണ് നിക്കോളാസ് മഡുറോയുടെ ഭരണകൂടത്തിനെതിരായ ട്രംപിന്റെ ആരോപണം.

SCROLL FOR NEXT